നടി പാർവതിക്കും ഗീതു മോഹൻദാസിനും എതിരെ സിനിമാമേഖലയിലും പ്രതിഷേധം

കൊച്ചി: രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറത്തില്‍ നടന്‍ മമ്മുട്ടിയെയും അദ്ദേഹം അഭിനയിച്ച ‘കസബ’ യിലെ കഥാപാത്രത്തെയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ പ്രതിഷേധം സിനിമാ മേഖലയിലും.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വനിതാ സംഘടന പ്രവര്‍ത്തകയുടെ നിലവാരത്തില്‍ സിനിമകളെ നോക്കിക്കാണുന്ന പാര്‍വതി എവിടുത്തെ നടിയാണെന്നാണ് നിര്‍മ്മാതാക്കളും താരങ്ങളും സംവിധായകരും ഉള്‍പ്പെടെയുള്ള വലിയ വിഭാഗം ചോദിക്കുന്നത്.

സ്ത്രീപക്ഷമെന്നും പുരുഷപക്ഷമെന്നും നോക്കി സിനിമ എടുക്കാന്‍ കഴിയില്ലെന്നും പ്രതിഷേധമുണ്ടെങ്കില്‍ അത്തരം സിനിമകളില്‍ അഭിനയിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ പാര്‍വതിയാണ് കാണിക്കേണ്ടതെന്നും അവര്‍ പറയുന്നു.

സിനിമയെ സിനിമയായി കാണാന്‍ പാര്‍വതിക്കോ അവരോട് സിനിമയുടെ പേര് തുറന്നു പറയാന്‍ നിര്‍ബന്ധിച്ച ഗീതു മോഹന്‍ദാസിനോ കഴിഞ്ഞിട്ടില്ല.

സംവിധായകയാണ് താനെന്ന് കൂടി അവകാശപ്പെടുന്നു ഗീതു മോഹന്‍ദാസ് ഇത്തരം ഇടുങ്ങിയ ചിന്താഗതി വച്ച് സിനിമയെടുത്ത് വിജയിപ്പിച്ച് കാണിക്കാനും സിനിമാ പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.

വനിതാ സിനിമാ പ്രവര്‍ത്തകരുടെ പേരില്‍ ഏതാനും പേര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചത് നായകന്‍മാരെയും അവര്‍ അഭിനയിച്ച സിനിമയെയും വിമര്‍ശിക്കാനാണെങ്കില്‍ അത് വകവെച്ച് കൊടുക്കില്ലന്ന് തന്നെയാണ് പൊതുവികാരം.

ഇക്കാര്യങ്ങള്‍ ഉടന്‍ തന്നെ സിനിമാസംഘടനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പ്രമുഖ സംവിധായകന്‍ അറിയിച്ചു.

അതേ സമയം തങ്ങള്‍ മമ്മുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ഗീതു മോഹന്‍ദാസും പാര്‍വതിയും രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇത് സിനിമാ പ്രവര്‍ത്തകര്‍ മുഖവിലക്കെടുത്തിട്ടില്ല.കസബയെയും അതിലെ നായകനേയും കടന്നാക്രമിക്കുക വഴി മമ്മൂട്ടിയെ തന്നെയാണ് ഇരുവരും ലക്ഷ്യമിട്ടതെന്നാണ് വിമര്‍ശനം.

Top