രാജ്യത്തെ ജിഡിപി വളര്‍ച്ച കുറയുമെന്ന് എസ്ബിഐ റിസര്‍ച്ച്

gdp

മുംബൈ: ഈ ധനകാര്യവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച 6.7 ശതമാനമായിരിക്കുമെന്ന് എസ്ബിഐ റിസര്‍ച്ച്. കറന്‍സി പിന്‍വലിക്കലിന്റെ പ്രത്യാഘാതം കണക്കിലെടുത്താണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ എസ്ബിഐ റിസര്‍ച്ച് ഈ നിഗമനത്തിലെത്തിയത്.

കേന്ദ്ര ഗവണ്‍മെന്റ് കറന്‍സി വിഷയം കണക്കിലെടുക്കാതെ 7.1 ശതമാനം വളര്‍ച്ച കണക്കാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 7.6 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടായിരുന്നു.

ഒക്ടോബര്‍ മാര്‍ച്ച് കാലയളവില്‍ 6.3 ശതമാനം വളര്‍ച്ചയേ റിസര്‍ച്ച് പ്രതീക്ഷിക്കുന്നുള്ളു. ജനങ്ങള്‍ പണം ചെലവാക്കാന്‍ ഭയപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരവിലയില്‍ 7.1 ശതമാനം വളര്‍ച്ച ഉണ്ടാകുമ്പോള്‍ 121.55 ലക്ഷം കോടി രൂപയാകും ഇന്ത്യയുടെ ഇക്കൊല്ലത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) എന്നാണു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) വിലയിരുത്തിയത്.

ഇപ്പോഴത്തെ വില നിലവാരത്തില്‍ ഇത് 151.93 ലക്ഷം കോടി രൂപയാകും. കഴിഞ്ഞ വര്‍ഷത്തേത് 135.76 ലക്ഷം കോടി രൂപ. ഇതിനേക്കാള്‍ 11.9 ശതമാനം ഇക്കൊല്ലം കൂടുതലാകും. അതില്‍നിന്നും വിലക്കയറ്റത്തിനു കിഴിവ് നല്‍കുമ്പോഴാണു വളര്‍ച്ച 71 ശതമാനമാകുന്നത്.

ആളോഹരി ദേശീയ വരുമാനം ഇക്കൊല്ലം 103.007 രൂപയാകും. ഇതാദ്യമാണ് ആകെ ദേശീയവരുമാന (നെറ്റ് നാഷണല്‍ ഇന്‍കം)ത്തിന്റെ ആളോഹരി ഒരു ലക്ഷം രൂപയ്ക്കു മുകളിലാകുന്നത്.Related posts

Back to top