സുപ്രീംകോടതി പ്രശ്‌നപരിഹാരത്തിനായി ഫുള്‍കോര്‍ട്ട് വിളിച്ചേക്കും; തീരുമാനം ബുധനാഴ്ച

supreame court

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്‌നപരിഹാരത്തിനായി ഫുള്‍കോര്‍ട്ട് വിളിക്കാന്‍ സാധ്യത. നാളെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള 4 മുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കണ്ടു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ജഡ്ജിമാരുമായി നാളെയും ചര്‍ച്ചകള്‍ തുടരും. ചൊവ്വാഴ്ച രാവിലെ കോടതി കൂടും മുന്‍പാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരുമായി പ്രത്യേക ചര്‍ച്ച നടത്തിയത്.

അതേസമയം ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരമായില്ലെന്ന് അറ്റോര്‍ണി ജനറല്‍ (എജി) കെ.കെ.വേണുഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും എജി പറഞ്ഞിരുന്നു.

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് തിങ്കളാഴ്ച എജി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സുപ്രധാന കേസുകള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപീകരിച്ച ബെഞ്ചില്‍, പ്രതിഷേധമുയര്‍ത്തിയ നാലു ജഡ്ജിമാരും ഉള്‍പ്പെടാതിരുന്നതോടെ തര്‍ക്കം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.

Top