friction between IAS officers and vigilance-IPS officers are disappointed in reshuffling

തിരുവനന്തപുരം: എസ്.പിമാരുടെ സ്ഥലമാറ്റത്തിൽ സംസ്ഥാന ഐ.പി.എസ് ഓഫീസർമാർക്കിടയിൽ ശക്തമായ പ്രതിഷേധം പടരുന്നു.

നിയമനം നൽകി ആറ് മാസം കൊണ്ട് ക്രമസമാധാന ചുമതലയിൽ നിന്ന് യുവ ഐ.പി.എസ് ഉദ്യോഗസ്ഥരെ തെറുപ്പിച്ച നടപടിയാണ് നേരിട്ട് ഐ.പി.എസ് നേടിയ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

സുപ്രീം കോടതി നിർദ്ദേശത്തോടുള്ള ലംഘനമാണ് തുടർച്ചയായി കേരള സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് പരാതി.

സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ ഒതുക്കൽ പോസ്റ്റുകളിൽ നിയമിച്ചതും കൺഫേഡ്
ഐ. പി.എസുകാർക്ക് ജില്ലാ ഭരണത്തിൽ പ്രാമുഖ്യം ലഭിച്ചതും ശരിയായ നടപടിയല്ലന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

ഈയൊരു സാഹചര്യത്തിൽ കൂട്ടത്തോടെ ഡെപ്യൂട്ടേഷന് പോവാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. ഇതിന് കേരള സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനും നീക്കമുണ്ട്.

അതേസമയം കേന്ദ്രത്തിൽ ഇപ്പോൾ ഡെപ്യൂട്ടേഷനിലുള്ള ചില ഉദ്യോഗസ്ഥർ പുതിയ സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങാനുള്ള മുൻ തീരുമാനം മാറ്റിയതായും അറിയുന്നു.

ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ മടങ്ങിവരണമെന്ന് മുഖ്യമന്ത്രിയായി ചാർജെജടുത്ത ശേഷം പിണറായി ഡൽഹി കേരള ഹൗസിൽ വിളിച്ച് ചേർത്ത യോഗത്തിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥർ ജേക്കബ് തോമസ് വിഷയവുമായി ബന്ധപ്പെട്ട് സർക്കാരുമായി കടുത്ത അതൃപ്തിയിലിരിക്കെയാണ് ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിലും അതൃപ്തി പുകയുന്നത്.

വിജിലൻസ് ഡയറക്ടർ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി തങ്ങളുടെ വാദം അംഗീകരിക്കുന്നില്ലന്നുമാണ് ഐ.എ.എസുകാരുടെ പരാതി.

ഏറ്റവും ഒടുവിൽ മന്ത്രി ബന്ധുനിയമനത്തിൽ മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കിയതിന് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ പോൾ ആന്റണിയെ വിജിലൻസ് പ്രതിയാക്കിയതാണ് അവരെ പ്രകോപിതരാക്കിയത്.

തിങ്കളാഴ്ച കൂട്ട അവധിയെടുത്താണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രധിഷേധിക്കുക.

ഭരണസ്തംഭനത്തിന് തന്നെ ഇത്തരം നടപടി വഴി ഒരുക്കുമെന്ന ആശങ്കകൾക്കിടെയാണ് ഐ.പി.എസ് ഓഫീസർമാർക്കിടയിലും അമർഷം പുകയുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരെപോലെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വരാൻ ഒരു ഫോഴ്സിന്റെ തലവൻമാർ എന്ന നിലയിൽ ഐ.പി.എസുകാർ തയ്യാറല്ലങ്കിലും അടിക്കടിയുണ്ടാകുന്ന സ്ഥലമാറ്റത്തിലുള്ള അതൃപ്തി ഐ.പി.എസ് അസോസിയേഷൻ മുഖ്യമന്ത്രിയെ അറിയിക്കണമെന്ന അഭിപ്രായം ഉദ്യോഗസ്ഥർക്കിടയിലുണ്ട്.

ഡെപ്യൂട്ടേഷന് അപേക്ഷിക്കുന്ന ഉദ്യോഗസ്ഥരെ പോകാൻ അനുവദിക്കണമെന്നതാണ് മറ്റൊരു ആവശ്യം.

പിണറായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം യുവ ഐ.പി.എസ് ഓഫീസർമാർക്ക് പ്രാമുഖ്യം കൊടുത്തായിരുന്നു പൊലീസിൽ അഴിച്ചുപണി നടത്തിയിരുന്നത്.ഈ നടപടിയും പ്രവർത്തനത്തിന് നൽകിയ സ്വാതന്ത്ര്യവും മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചിരുന്നു.

എന്നാൽ ഈ ആനുകൂല്യം ഇപ്പോൾ പാർട്ടി ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി തന്നെ ഇല്ലാതാക്കായിരിക്കുകയാണ്. ഇതാണ് ഐ.പി.എസുകാരുടെ പ്രതിഷേധത്തിന് കാരണം.

ഐ.എ.എസുകാരും ഐ.പി.എസുകാരും ഉടക്കിയാൽ ഭരണസ്തംഭനമുണ്ടാകുമെന്നതിനാൽ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുവാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം

Top