സ്വകാര്യത മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം. അതിനാല്‍ സ്വകാര്യത പരമമായ അവകാശം അല്ല. സ്വകാര്യതാ കേസിലാണ് കേന്ദ്രം ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

കര്‍ണാടക, പശ്ചിമബംഗാള്‍, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് സ്വകാര്യത മൗലികാവകാശമാക്കണമെന്ന നിലപാടുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിഷയം പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരുന്നത്.

സ്വകാര്യത പരമമായ അവകാശമല്ലെന്നും എന്നാല്‍ അത് മൗലികാവകാശമാണ്. വിഷയത്തില്‍ ഒരു പുനരാലോചന നടത്തണമെന്നും ഇക്കാര്യത്തില്‍ ഒരു സന്തുലനം കൊണ്ടുവരേണ്ടതുണ്ടെന്നും സംസ്ഥാനങ്ങള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ആധാറിനടക്കം വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണം. സ്വകാര്യതയ്ക്ക് യുക്തിപരമായ പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്നും ഭരണഘടനാ ശില്‍പികള്‍ തന്നെ നിശ്ചയിച്ചിരുന്നതായും കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഒമ്പതംഗ ഭരണഘടനാ ബഞ്ചിനു മുമ്പാകെ കേന്ദ്രത്തിന്റെ വാദം തുടരുകയാണ്.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനമെടുക്കും മുമ്പ് സ്വകാര്യത മൗലികാവകാശമാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.

1954ലെ എം.പി. ശര്‍മ കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962ലെ ഖരക് സിങ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികള്‍ ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നുണ്ട്. ഭരണഘടനയുടെ 21-ാം വകുപ്പ് സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നില്ലെന്നാണ് ഈ വിധികളില്‍ പറയുന്നത്.

Top