നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകുവാൻ രാംജത് മലാനി രംഗത്തിറങ്ങുന്നു

ന്യൂഡല്‍ഹി: ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നതെന്ന വാദവുമായി മുന്‍ ബി.ജെ.പി നിയമമന്ത്രി രാംജത് മലാനി സുപ്രീം കോടതിയെ സമീപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടിയാകുന്നു. നിയമവിദഗ്ദനും വാജ്‌പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയുമായിരുന്ന രാംജത് മലാനി ഇന്നാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനെയാണ് സമീപിച്ചത്. ഹരജി പ്രത്യേകമായി പരിഗണിക്കാനാവില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് കോണ്‍ഗ്രസിന്റെ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് സിക്രിയുടെ ബെഞ്ചിലേക്ക് രാംജത്മലാനിയുടെ ഹര്‍ജിയും വിട്ടു.

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ബുധനാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. കൂടുതല്‍ സീറ്റു ലഭിച്ച മുന്നണിയെ സത്യപ്രതിജ്ഞക്കു വിളിക്കാതെ ന്യൂനപക്ഷമായ വലിയ ഒറ്റകക്ഷി നേതാവിനെ സത്യപ്രതിജ്ഞക്കു ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്നാണ് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വാദിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന സിങ്‌വിയുടെ വാദം തള്ളിയ സുപ്രീം കോടതി ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കുന്ന എം.എല്‍.എമാരുടെ കത്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ 10.30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് സുപ്രീം കോടതിയില്‍ ഹാജരാക്കേണ്ടി വരും. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ bvയെയും സുപ്രീം കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. സുപ്രധാനമായി ക്രിമിനല്‍ കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനാണ് രാംജത്മലാനി. ഇന്ദിരാഗാന്ധിയുടെ ഘാതകര്‍ക്കും ഹര്‍ഷദ്‌മേത്ത കേസിലും ഹാജരായ രാംജത്മലാനി സൊറാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കുവേണ്ടിയും ഹാജരായിട്ടുണ്ട്. രാംജത്മലാനിയുടെ ഹര്‍ജിയും പരിഗണിക്കുകയാണെങ്കില്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ രാംജത് മലാനി, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, മുഗുള്‍ റോഹ്തഗി, മനു അഭിഷേക് സിങ്‌വി എന്നിവരുടെ ശക്തമായ വാദങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുക

Top