ഏതു ‘വകുപ്പിലാണ്’ കോടിയേരിക്ക് പൊലീസ് അകമ്പടി ? രോക്ഷം പൂണ്ട് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് പൊലീസ് വാഹനം അകമ്പടി പോകുന്നത് ഏത് വകുപ്പിലാണ് ?

കോടിയേരിക്ക് അകമ്പടി പോയ വാഹനം തിരുവല്ലയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരു പാവം പൊലീസുകാരന്‍ മരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്ന പ്രധാന ചോദ്യമാണിത്.

തിരുവനന്തപുരം എ.ആര്‍.ക്യാംപില്‍ ജോലി ചെയ്യുന്ന കടയ്ക്കല്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്.

അപകടത്തില്‍ എസ്.ഐക്കും പരിക്കേറ്റിട്ടുണ്ട്. തിരുവല്ല പൊടിയാടി ജംങ്ഷനിലായിരുന്നു അപകടം.

in

മരിച്ച പൊലീസുകാരന്റെ ഭാര്യ വിവരമറിഞ്ഞ് കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുക കൂടി ചെയ്തതോടെ ‘അകമ്പടി’ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി മാത്രമാണ് കോടിയേരി. ഭരണഘടനാപരമായ ഒരു പദവിയും അദ്ദേഹം നിലവില്‍ വഹിക്കുന്നില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് പൊലീസ് അകമ്പടി വാഹനമെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമൊക്കെ അകമ്പടി വാഹനം അനുവദിക്കേണ്ടതല്ലേ ?

മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയിലാണെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വേണ്ടേ അകമ്പടി വാഹനം ?

ഭീഷണി നേരിടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷക്ക് പൊലീസിനെ വിട്ടു നല്‍കുമെങ്കിലും അകമ്പടിക്ക് പൊലീസ് വാഹനം സാധാരണ ഗതിയില്‍ പോവാറില്ല.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മാത്രമാണ് അകമ്പടിയും പൈലറ്റ് വാഹനവുമെല്ലാം ആഭ്യന്തര വകുപ്പ് അനുവദിക്കാറ്.

സംഘപരിവാര്‍ ഡല്‍ഹിയില്‍ കാലുകുത്തിക്കില്ലന്ന് പറഞ്ഞപ്പോള്‍ പോലും ഒരു പൊലീസ് അകമ്പടിയും ഇല്ലാതെ ഡല്‍ഹിയില്‍ കാലുകുത്തി യാത്ര ചെയ്ത നേതാവിന് ഭീഷണി ഉള്ളതു കൊണ്ടാണ് കേരളത്തില്‍ പൊലീസ് അകമ്പടിയെന്ന് ഇനി പറഞ്ഞാലും അത് പൊതുസമൂഹം വിശ്വാസത്തിലെടുക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തില്‍ നിന്നും വ്യക്തമാകുന്നത്.

Top