അന്നം തരുന്ന ചെങ്കൊടി . .വെറും 20 രൂപക്ക് മീൻ കറി ഊണ് ! കേരളത്തിന് ഒരു മാതൃക ! !

janakeeyafood

ആലപ്പുഴ: കേട്ടാല്‍ അവിശ്വാസം തോന്നുമെങ്കിലും അത് യാഥാര്‍ത്ഥ്യമാണ്. ഉയിര് കൊടുത്ത് പോരാടാന്‍ മാത്രമല്ല ചെറിയ കാശിന് ഊട്ടാനും ഇവിടെ ചെങ്കൊടി പ്രസ്ഥാനമുണ്ട്. ഒരു നാടിന്റെയാകെ കയ്യടി നേടി മാതൃകയായിരിക്കുകയാണ് വിപ്ലവ മണ്ണായ മാരാരിക്കുളത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍.

ഒരു നേരത്തെ ഉച്ചയൂണിന് ഇപ്പോള്‍ വില സാധാരണ ഹോട്ടലില്‍ പോലും 60-70 രൂപയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് മണ്ണഞ്ചേരിയിലെ ജനകീയ അടുക്കള. ഉച്ചയൂണിന് ഇവിടെ ഈടാക്കുന്നത് വെറും 20 രൂപ മാത്രമാണ്.

കിടപ്പുരോഗികളും ആരോരുമില്ലാത്തവര്‍ക്കും സൗജന്യ നിരക്കിലാണ് ഇവിടെ നിന്ന് ഉച്ചയൂണ് എത്തിക്കുന്നത്. ഏകദേശം 400-ഓളം പേര്‍ക്ക് ദിനം പ്രതി ഇവിടെ നിന്ന് സൗജന്യ ഊണ് വിതരണം ചെയ്യുന്നുണ്ട്.

വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായി സിപിഎം നേതൃത്വത്തിലുള്ള പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കള കഴിഞ്ഞ ഡിസംബറിലാണു തുടങ്ങിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ കടമുണ്ടെങ്കിലും ഭക്ഷണ വിതരണത്തില്‍ കുറവു വരുത്താതെ നാലു മാസം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇവര്‍.

പാചകക്കാരും വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഡ്രൈവര്‍മാരും ഉള്‍പ്പെടെ എട്ടു ജീവനക്കാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു നേരത്തെ ഭക്ഷണം ചൂടാറാത്ത പാത്രത്തിലാക്കി ഉച്ചയ്ക്കു മുന്‍പു ഓരോ വീട്ടിലുമെത്തിക്കും. രാവിലെ ആറു മണിക്കു മുന്‍പു ജോലി തുടങ്ങും. പത്തോടെ തയാറാകുന്ന ഭക്ഷണം പതിനൊന്നോടെ വിതരണം ചെയ്യും. ഒന്‍പതു മേഖലകളിലായി എത്തിക്കുന്ന ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലേക്കു കൈമാറും. ഇതിനായി നൂറ്റിഅന്‍പതോളം പേരുണ്ട്.

രാവിലെ എത്തുന്നവര്‍ക്കു തലേന്നത്തെ ഭക്ഷണം പഴങ്കഞ്ഞിയായി നല്‍കും. ഉച്ചയ്ക്കാണെങ്കില്‍ ഊണു നല്‍കും. ആഴ്ചയില്‍ ഒരോ ദിവസം ഇറച്ചിയും മീനും നല്‍കിയിരുന്നതു ഇപ്പോള്‍ പരിഷ്‌ക്കരിച്ച് രണ്ടു ദിവസം മീനും ഒരു ദിവസം ഇറച്ചിയും വെള്ളിയാഴ്ചകളില്‍ വെജിറ്റബിള്‍ ബിരിയാണി എന്നിങ്ങനെയാണ് നിലവില്‍ കൊടുക്കുന്നത്.

ഡിസംബറില്‍ 3.13 ലക്ഷം രൂപയായിരുന്നു ആകെ ചിലവ്. എന്നാല്‍ തുടര്‍ മാസങ്ങളില്‍ 3.45 ലക്ഷം, 3.29 ലക്ഷം, 3.10 ലക്ഷം എന്നിങ്ങനെയായി ചിലവ്. ആകെ 12.98 ലക്ഷം രൂപ. ഇവ കണക്കാക്കിയാല്‍ ഒരു ഊണിന് ശരാശരി ചെലവ് 27 രൂപയാണ്. എന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് 20 രൂപയാണ് വാങ്ങുന്നത്.

വാര്‍ഡ് തലത്തില്‍ ധനസമാഹരണം നടത്തിയപ്പോള്‍ ലഭിച്ച 1.72 ലക്ഷം, ജനകീയ അടുക്കളയിലെ സംഭാവന 40,000, പാലിയേറ്റീവ് സംഘടനകളില്‍ നിന്നു ലഭിച്ച 42,000, പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവന മൂന്നു ലക്ഷം രൂപയുമാണു പ്രധാന വരുമാനം.

മലബാര്‍ ചാരിറ്റി ട്രസ്റ്റില്‍ നിന്നു മാസംതോറും 50000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലൂടെ 51000 രൂപ ലഭിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആകെ കിട്ടിയത് 9.05 ലക്ഷം രൂപ. ഭക്ഷണം എത്തിച്ചു ലഭിച്ച 2.18 ലക്ഷം രൂപയും ജനകീയ അടുക്കളയിലെ വിറ്റുവരുമാനം 40,000 രൂപയും കൂട്ടി ആകെ വരുമാനം 11.63 ലക്ഷം രൂപ. നഷ്ടം 1.18 ലക്ഷം.

പ്രഭാത ഭക്ഷണത്തിനും കഞ്ഞിക്കും 10 രൂപയും വിലയിട്ട് രണ്ടു കടകള്‍ കൂടി തുറക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലായി 200 അഗതികള്‍ക്കും കിടപ്പുരോഗികള്‍ക്കും കൂടി ഭക്ഷണം നല്‍കാനും പദ്ധതിയുണ്ട്.

Top