മൂടല്‍മഞ്ഞ് ; ശ്വാസതടസ്സം മൂലം ലണ്ടനില്‍ നൂറിലധികം പേര്‍ ആശുപത്രിയില്‍

ലണ്ടന്‍: ഇന്നലെ പുലര്‍ച്ചെ അനുഭവപ്പെട്ട മൂടല്‍മഞ്ഞില്‍ ശാരീരിക അസ്വാസ്ഥകളുണ്ടായതിനെ തുടര്‍ന്ന് ലണ്ടനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂടല്‍മഞ്ഞിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെട്ട ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ വിനോദത്തില്‍ ഏര്‍പ്പെട്ടവരാണ് കൂടുതലും ചികിത്സ തേടി ആശുപത്രിയിലെത്തിയത്.

കടലില്‍ നിന്നു തീരത്തേക്കു വീശിയ മൂടല്‍മഞ്ഞാണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

130 പേരെങ്കിലും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ബീച്ചില്‍ ഉണ്ടായിരുന്നു. ‘മൂടല്‍മഞ്ഞ്’ രൂക്ഷമായതിനെത്തുടര്‍ന്ന് പത്തുമിനിറ്റിനകം കടല്‍ത്തീരം ഒഴിപ്പിച്ചു.

പ്രദേശത്തുള്ളവരോട് വീടും ജനലും അടച്ചിടണമെന്നും, പ്രദേശവാസികളോടെല്ലാം താത്കാലികമായി ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചിലേക്ക് പോകരുതെന്ന് ട്വിറ്ററിലൂടെ ഉള്‍പ്പെടെ മറ്റിടങ്ങളിലേക്ക് നിര്‍ദേശവും നല്‍കി.

എന്നാല്‍, മൂടല്‍മഞ്ഞിന് ക്ലോറിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ശ്വാസതടസ്സം നേരിട്ടവര്‍ പറയുന്നു.

കിഴക്ക് ഹാസ്റ്റിങ്‌സ് ഭാഗത്തേക്ക് മഞ്ഞ് നീങ്ങുന്നതായും പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ നിന്നാണ് കടല്‍കടന്ന് മൂടല്‍മഞ്ഞ് എത്തുന്നതെന്നാണ് നിഗമനം. നേരത്തേ ഇരുനൂറിലേറെ പേരെ ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

എന്നാല്‍ എവിടെ നിന്നാണെന്നറിയാതെയുള്ള ‘മൂടല്‍മഞ്ഞിന്റെ’ വരവ് ഇതാദ്യമായാണ്. ഏതെങ്കിലും ജലശുദ്ധീകരണശാലയില്‍ നിന്ന് വാതകം ചോര്‍ന്നതാണോ എന്നാണ് സസെക്‌സ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെ ജലശുദ്ധീകരണശാലകളിലൊന്നും ക്ലോറിന്‍ ഉപയോഗിക്കുന്നുമില്ല.

Top