ഐക്യരാഷ്ട്ര സഭ കണ്ടിട്ടും പ്രളയവ്യാപ്തി കേന്ദ്രവും സംസ്ഥാനവും കാണുന്നില്ലേ ?

UN

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ ദുരിതാശ്വാസം അപര്യാപ്തം. സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടിയുടെ പകുതി പോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍, 20000 കോടിയുടെ നഷ്ടമാണ് കേരളം പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്.

സൈന്യത്തിന് പൂര്‍ണമായും ചുമതല നല്‍കാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ സംസ്ഥാനം ആവശ്യപ്പെട്ട സൈന്യത്തെയും ഹെലികോപ്ടറുകളും ലഭ്യമാക്കാതെ കേന്ദ്രം കഷ്ടപ്പെടുത്തുകയാണെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നും ജനറേറ്ററും എല്ലാം എത്തിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതു ചെയ്യാത്ത നടപടിയാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം.

flood

ഹെലികോപ്റ്റര്‍ അനുവദിക്കുകയും സൈന്യം ഇറങ്ങുകയും ചെയ്തില്ലെങ്കില്‍ ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ ചത്തൊടുങ്ങുമെന്ന സ്ഥലം എം.എല്‍.എ സജി ചെറിയാന്റെ പ്രതികരണത്തിനാണ് ഈ മറുപടി. അതേസമയം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങള്‍ തികഞ്ഞ പരാജയമാണെന്ന അഭിപ്രായം ഭരണപക്ഷത്തും ശക്തമാണ്.

ശനിയാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തു നിന്നും മൃതദേഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ രാജ്യത്തെ ഭരണാധികാരികളേക്കാള്‍ പ്രളയത്തില്‍ നടുക്കം പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സഹായം പ്രഖ്യാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാറും നിര്‍ബന്ധമായിട്ടുണ്ട്.

heavy rain

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും യു.എന്‍ വ്യക്തമാക്കി.

ഇന്ത്യ ആവശ്യപ്പെട്ടാല്‍ സഹായം ചെയ്യാമെന്ന ഐക്യരാഷ്ട്ര സഭയുടെ വാഗ്ദാനം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

Top