യു.എസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

flight-accident

ഫ്‌ളോറിഡ: പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് യു.എസില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. ഇന്ത്യന്‍ വംശജയായ നിഷ സേജ്വാള്‍ (19), ജോര്‍ജ് സാന്‍ചെസ് (22), റാല്‍ഫ് നൈറ്റ് (72) എന്നിവരാണ് മരിച്ചത്. മിയാമിക്കടുത്ത് വച്ച് ഇന്നലെയായിരുന്നു അപകടം.

പരിശീലന പറക്കലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന രണ്ട് വിമാനങ്ങളും ഓടിച്ചിരുന്നത് ട്രെയിനികളായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മിയാമിയിലെ ഡിയാന്‍ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റ് സ്‌കൂളിലെ പൈപ്പര്‍ പി.എ34, സെസ്ന 172 എന്നീ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് പേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന വിമാനത്തിന് അകത്ത് നിന്നും മൂന്നാമത്തെയാളുടെ മൃതദേഹം തകര്‍ന്ന രണ്ടാമത്തെ വിമാനത്തിന് സമീപത്തുമായാണ് കണ്ടെത്തിയത്.

ഒരു വിമാനത്തില്‍ പൈലറ്റും ട്രെയിനറും അല്ലെങ്കില്‍ ട്രെയിനറും വിദ്യാര്‍ത്ഥിയും മറ്റൊരു വിമാനത്തില്‍ ട്രെയിനറും വിദ്യാര്‍ത്ഥിയും ഉണ്ടെന്നാണ് കരുതുന്നതെന്ന് മിയാമി പൊലീസ് വക്താവ് പ്രതികരിച്ചു.

Top