നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റന്‍ കമാനം തകര്‍ന്നുവീണു, ആളപായമില്ല

ആലപ്പുഴ: വട്ടപ്പള്ളിയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റന്‍ കമാനം റോഡില്‍ തകര്‍ന്നുവീണു.

ആളപായമില്ല. കാറ്റിലും മഴയിലുമാണ് ഇരുമ്പു തൂണുകളില്‍ സ്ഥാപിച്ച കമാനം തകര്‍ന്നുവീണത്.

പരിചയസമ്പന്നരല്ലാത്തവരാണ് ഇവ സ്ഥാപിച്ചതെന്നും അതിനാലാണ് നിലംപതിച്ചതെന്നും പരിസരവാസികള്‍ പറയുന്നു. റംസാന്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഒരുവിഭാഗം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂറ്റന്‍ കമാനം സ്ഥാപിച്ചത്. കാറ്റില്‍ റോഡിലേക്കാണ് നിലംപതിച്ചതെങ്കിലും ആ സമയം യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.

ഇത്തരത്തില്‍ കൂറ്റന്‍ കമാനങ്ങള്‍ റോഡരികില്‍ സ്ഥാപിക്കരുതെന്ന് ജില്ലാ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നിരന്തരം ലംഘിക്കപ്പെടുകയാണ്. ആഴ്ചകള്‍ മുമ്ബ് കോമളപുരത്ത് സിപിഎമ്മുകാര്‍ റോഡിനു കുറുകെ സ്ഥാപിച്ച കമാനത്തില്‍ ലോറി കുടുങ്ങിയിരുന്നു.

വട്ടപ്പള്ളിയിലെ തകര്‍ന്നുവീണ കമാനത്തിന്റെ ചിത്രമെടുക്കാന്‍ പോയ ഫോട്ടോഗ്രാഫര്‍ ബിമല്‍തമ്പിയെ ഒരുസംഘമാളുകള്‍ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അമ്പതോളം പേരാണ് സംഘടിച്ചെത്തി കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തി ക്യാമറയില്‍ നിന്ന് ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്തത്.

Top