ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷ്ടാവാണെന്നാരോപിച്ച് നൈജീരിയന്‍ യുവാവിനെ ആള്‍ക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.

മര്‍ദനമേറ്റ യുവാവിനെ നേരത്തെ, പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

സെപ്റ്റംബര്‍ 24നു പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ മാളവ്യനഗര്‍ സ്വദേശി കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നായിരുന്നു പിടികൂടിയത്.

എന്നാല്‍, ഇയാളെ മണിക്കൂറുകള്‍ക്കു ശേഷമാണു നാട്ടുകാര്‍ പോലീസിനു കൈമാറിയത്. മര്‍ദ്ദനമേറ്റ് ഇയാള്‍ ഇതിനകം അബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീടിന്റെ പടികളില്‍നിന്നു വീണാണ് ഇയാള്‍ക്കു പരിക്കേറ്റതെന്നായിരുന്നു നാട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ആള്‍ക്കൂട്ടം ശിക്ഷ നടപ്പാക്കിയതാണെന്നു വ്യക്തമായത്.

യുവാവിന്റെ തലയ്ക്കും മുഖത്തും കൈയിലും ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍ദനമേറ്റിരുന്നു. റോഡിലെ വിളക്കുകാലില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. തന്നെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് ഇയാള്‍ കെഞ്ചുന്നതു ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍, ആള്‍ക്കൂട്ടം അത്യാവേശത്തോടെ ഇയാളെ വലിയ വടി ഉപയോഗിച്ച് മര്‍ദ്ദികയായിരുന്നു. വീഡിയോ ക്ലിപ്പുകളിലൊന്നില്‍ യുവാവിന്റെ അടിവസ്ത്രമൊഴിച്ച് മറ്റു വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റിയ ശേഷവും മര്‍ദനം തുടരുന്നതു വ്യക്തമായിരുന്നു.

Top