ആഴക്കടലില്‍ തകര്‍ന്ന് നിരവധി ബോട്ടുകള്‍, പ്രതിഷേധ ജ്വാലയില്‍ കത്തി തിരുവനന്തപുരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് തകര്‍ന്ന നിരവധി ബോട്ടുകള്‍ ആഴക്കടലില്‍ കണ്ടെത്തിയത് തീരദേശത്തെ വീണ്ടും പ്രക്ഷുബ്ദമാക്കുന്നു.

‘ഞങ്ങള്‍ക്ക് പണം വേണ്ട, ഉറ്റവരുടെ ജീവന്‍ മതി’ എന്ന ആവശ്യവുമായി റോഡിലിറങ്ങിയ സ്ത്രീകള്‍ അടക്കമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നെയാറ്റിന്‍കരയിലടക്കം റോഡ് ഉപരോധിച്ചു.

രാവിലെ ആരംഭിച്ച സമരം വൈകീട്ട് എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് താല്‍ക്കാലികമായി അവസാനിച്ചത്.

കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്തതില്‍ കടുത്ത രോക്ഷമാണ് തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്. ഇനിയും 250ലധികം പേര്‍ തിരികെയെത്താനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത നേതൃത്വം പറയുന്നത്.

തിങ്കളാഴ്ച രാജ്ഭവനു മുന്നിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിനു മുന്‍പ് നടന്ന റോഡ് ഉപരോധം പൊലീസിന്റെയും കണക്ക് കൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു.

ഈ സാഹചര്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ചിന്റെ ഭാഗമായി കനത്ത സുരക്ഷ നഗരത്തില്‍ ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം രാജ്ഭവന്‍ മാര്‍ച്ചിനു ശേഷവും നടപടിയുണ്ടായില്ലങ്കില്‍ സെക്രട്ടറിയേറ്റ്, മരിച്ചവരുടെ മൃതദേഹങ്ങളുമായി വളയാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

വലിയ പ്രത്യാഘാതം തന്നെ ഇത്തരമൊരു സമരം ഉണ്ടാക്കുമെന്നതിനാല്‍ ഏത് വിധേയനേയും സെക്രട്ടറിയേറ്റ് ഉപരോധം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തലത്തിലെ നീക്കം.

മുഖ്യമന്ത്രി നേരിട്ടും മന്ത്രിമാര്‍ വഴിയും സഭാനേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.

പ്രതിഷേധം ശക്തമായിട്ടും ലത്തീന്‍ അതിരൂപത ബിഷപ്പ് ഡോ.എം. സൂസപാക്യം ഇതുവരെ മുഖ്യമന്ത്രിയെയോ സര്‍ക്കാറിനെയോ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ലന്നതും ശ്രദ്ധേയമാണ്.

ഇതിനെതിരെ സഭയിലെ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയതോടെ ഇപ്പോള്‍ ബിഷപ്പും പ്രതിരോധത്തിലാണ്.

സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് ഇപ്പോള്‍ ചെയ്യുന്നതിനപ്പുറം ഇനി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്. 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതിനകംതന്നെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ പൊലീസ് ‘പരിധി ‘ ലംഘിച്ചാണ് ഇപ്പോള്‍ തന്നെ കടലില്‍ തിരച്ചില്‍ നടത്തുന്നത്.

ആഴക്കടലില്‍ തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡും, നാവിക സേന കപ്പലും ഇപ്പോഴും സജീവവുമാണ്.

ജീവനോടെ കണ്ടെത്തുന്നവരെയും മൃതദേഹങ്ങളും ഇരു വിഭാഗവും കരയിലെത്തിക്കുന്നുണ്ടെങ്കിലും അതൊന്നും മത്സ്യത്തൊഴിലാളികളുടെ രോക്ഷത്തെ ശമിപ്പിക്കാനായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Top