ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രം ‘ടിക് ടിക് ടിക്’ അണിയറയില്‍; നായകന്‍ ജയം രവി

ചെന്നൈ: വേറിട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ജയം രവിയുടെ വനമകനും മിരുതാനുമൊക്കെ തമിഴ് സിനിമയ്ക്ക് പുതിയ കാഴ്ച്ചയായിരുന്നു. ഇതിന്റെയൊക്കെ പട്ടികയിലേക്ക് ഒരു പുതിയ ചിത്രം കൂടി വരുന്നു.

‘ടിക് ടിക് ടിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ബഹിരാകാശത്ത് വെച്ചുണ്ടായ അപകടത്തില്‍ കയറില്‍ തൂങ്ങി നില്‍ക്കുന്ന ജയം രവിയെയാണ് പോസ്റ്ററില്‍ കാണാനാവുന്നത്.

ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

തമിഴില്‍ ശക്തി സുന്ദര്‍ ഒരുക്കിയ മൂന്ന് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. ആദ്യ ചിത്രമായ നാണയം തമിഴില്‍ ഹിറ്റായിരുന്നു.

പിന്നീട് വന്ന ‘നായ്ഗള്‍ ജാഗ്രതൈ’ എന്ന ചിത്രം ഒരു പൊലീസ് നായയുടെ കഥയായിരുന്നു പറഞ്ഞത്. തെന്നിന്ത്യയിലെ തന്നെ ആദ്യ സോംബി ചിത്രമായ മിരുതാനും ബോക്‌സ്ഓഫീസില്‍ പണം വാരി.

മിരുതാന്‍ വിജയിച്ചതിന് പിന്നാലെയാണ് ശക്തി പുതിയ ബഹിരാകാശ ചിത്രത്തിന്റെ കഥയുമായി ജയം രവിയെ സമീപിച്ചത്.

കഥ കേട്ടപാടെ ജയം രവി അഭിനയിക്കാമെന്ന് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. ജയം രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

മിരുതാന്‍ സംവിധായകന്‍ ആയതുകൊണ്ടുതന്നെ ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്.

Top