ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റി കാണാനായി സൗരോര്‍ജ വിമാനമൊരുങ്ങുന്നു

സൗരോര്‍ജമുപയോഗിച്ച് ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റാന്‍ സാധിക്കുന്ന വിമാനമൊരുങ്ങുന്നു.

റഷ്യന്‍ കോടീശ്വരന്‍ വിക്ടര്‍ വെക്‌സല്‍ബെര്‍ഗിന്റെ നേതൃത്വത്തിലുള്ള റെനോവ ഗ്രൂപ്പാണ് ഒറ്റ പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിമാനം തയ്യാറാക്കുന്നത്.

അഞ്ചുദിവസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗ്‌ളൈഡര്‍ മാതൃകയിലുള്ള വിമാനത്തിന് 120 അടി നീളമുള്ള ചിറകുകളായിരിക്കും ഉണ്ടാവുക. ഭൂമിയില്‍നിന്ന് പത്തുമൈല്‍ ഉയരത്തിലായിരിക്കും വിമാനം പറക്കുക.

സൗരോര്‍ജം ഉപയോഗിച്ച് ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റുകയെന്ന ബഹുമതി സ്വന്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെക്‌സല്‍ബെര്‍ഗ് പറഞ്ഞു.

ദൗത്യം വിജയിച്ചാല്‍ വ്യോമയാന രംഗത്ത് വന്‍കുതിച്ചുചാട്ടമായിരിക്കും സംഭവിക്കുകയെന്ന് റെനോവ ഗ്രൂപ്പ് ഡയറക്ടര്‍ മിഖയേല്‍ ലിഫ്ഷിറ്റിസ് അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ മുകളിലും അടിയിലും സജ്ജീകരിക്കുന്ന പാനലുകളിലായിരിക്കും സൗരോര്‍ജം സംഭരിക്കുക.

2019ല്‍ വിമാനം പറത്താനാകുമെന്നാണ് വെക്‌സല്‍ബെര്‍ഗിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. റഷ്യയിലെ നാലാമത്തെ കോടീശ്വരനായാണ് വെക്‌സല്‍ബെര്‍ഗ് അറിയപ്പെടുന്നത്. എണ്ണ, ഖനനം തുടങ്ങിയ മേഖലകളിലാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

കഴിഞ്ഞവര്‍ഷം സോളാര്‍ ഇംപല്‍സ് എന്ന സൗരോര്‍ജവിമാനം ലോകപര്യടനം പൂര്‍ത്തിയാക്കിയിരുന്നു. 2015 മാര്‍ച്ചിലായിരുന്നു വിമാനം പര്യടനം തുടങ്ങിയത്.

Top