സൂര്യയും ഇഷാനും ഒന്നിക്കുന്നു; കേരളത്തിലെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡുകര്‍ക്കിടയില്‍ വീണ്ടുമൊരു പ്രണയവിവാഹം. സംസ്ഥാനത്തെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം സ്വദേശികളായ ഇഷാനും സൂര്യയും. രണ്ട് കുടുംബങ്ങളുടെയും പൂര്‍ണപിന്തുണയോടെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കും വിവാഹം.

ആറ് വര്‍ഷമായി സൗഹൃദത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഇഷാനും സൂര്യയും. സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറി. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടാവുകയില്ല.

വിവാഹം എന്നതിലുപരി സമൂഹത്തിനും വരും തലമുറയ്ക്കും മുന്‍പില്‍ ഒരു മാതൃകയും പ്രചോദനവുമാവാന്‍ സാധിക്കുന്നു എന്നതില്‍ അഭിമാനമുണ്ടെന്ന് സൂര്യ പറയുന്നു. ഒരു പുരുഷനെയോ സ്ത്രീയെയോ പോലെ എല്ലാവിധ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. തങ്ങള്‍ക്കും പരസ്പര സ്‌നേഹത്തോടെ സമൂഹത്തില്‍ കുടുംബമായി ജീവിക്കണമെന്നും സൂര്യ പറയുന്നു.

സൂര്യ ഹിന്ദുവും ഇഷാന്‍ മുസ്ലിമുമാണ്.സ്വന്തം മതത്തില്‍ നിന്നുകൊണ്ട് തന്നെയായിരിക്കും വിവാഹം. ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകും. വിവാഹത്തിയതി തീരുമാനിച്ചിട്ടില്ല.

Top