first important is your’s skill ; pinarayi message for new police bettalian

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നടന്ന പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ സ്ഥലം മാറ്റപ്പെട്ട മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ മഹിപാല്‍ യാദവിനെയും പി.വിജയനെയും ക്രമസമാധാന ചുമതലയില്‍ നിയമിച്ച മുഖ്യമന്ത്രിയുടെ നടപടി ശ്രദ്ധേയമാകുന്നു.

കഴിവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെന്നാണ് സേനക്കുള്ളിലെ അഭിപ്രായം. എറണാകുളം റേഞ്ച് ഐജി എന്ന നിലയില്‍ ജിഷ കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മഹിപാല്‍ യാദവിനെ പുതിയ അന്വേഷണ ടീമിനെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് മാറ്റിയിരുന്നത്.

ജിഷ കൊലക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അനിശ്ചിതകാല സമരം തുടങ്ങിയിരുന്ന സി പി എമ്മിനെ സംബന്ധിച്ച് ഈ മാറ്റം അനിവാര്യവുമായിരുന്നു. തൃശൂര്‍ പൊലീസ് അക്കാദമി മേധാവിയായിട്ടായിരുന്നു സ്ഥലമാറ്റം.

സര്‍വ്വീസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെന്നുള്ള ട്രാക്ക് റിക്കാര്‍ഡാണ് മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ കണ്ണൂര്‍ ഉള്‍പ്പെടുന്ന റേഞ്ചില്‍ മഹിപാല്‍ യാദവിനെ നിയോഗിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.

യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഇന്റലിജന്‍സ് ഡി ഐ ജിയായിരുന്ന പി വിജയനെയും ഇന്റലിജന്‍സ് ഡി ജി പിയായിരുന്ന ഹേമചന്ദ്രനുമടക്കമുള്ള രഹസ്യ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനം നേരിട്ടിരുന്നു. വിജയനെ ബറ്റാലിയന്‍ ഡി ഐജിയായാണ് നിയമിച്ചിരുന്നത്.

ഹേമചന്ദ്രനെ പിന്നീട് ഫയര്‍ഫോഴ്‌സ് മേധാവിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിസംബര്‍ അവസാനത്തോടെ ഐജിയായി ഉദ്യോഗകയറ്റം ലഭിച്ചിരുന്ന വിജയനെ ആദ്യം അപ്രധാന തസ്തികയിലാണ് നിയമനം നല്‍കിയിരുന്നതെങ്കിലും പിന്നീട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ക്രമസമാധാന ചുമതലയില്‍ എറണാകുളത്ത് നിയമിക്കുകയായിരുന്നു.

മഹിപാല്‍ യാദവിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് നിയമനം ലഭിച്ച ഐ ജി ശ്രീജിത്തിനെ ആറ് മാസം കൊണ്ട് സ്ഥലം മാറ്റിയാണ് വിജയനെ മുഖ്യമന്ത്രി നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ശ്രീജിത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതും ക്രിമിനല്‍ വിജിലന്‍സ് കേസുകളില്‍ പ്രതിയായതുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

രാജ്യത്തിന് തന്നെ അഭിമാനമായ സ്റ്റുഡന്റ് പൊലീസ് സംവിധാനത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് വിജയന്‍. മുന്‍പ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ ഗുണ്ടകളെയും ക്രിമിനലുകളെയും അടിച്ചമര്‍ത്തി കഴിവ് തെളിയിച്ചിട്ട്. പ്രമുഖ ദേശീയ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ പുരസ്‌ക്കാരങ്ങളും വിജയന് ലഭിച്ചിട്ടുണ്ട്.

കഴിവുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇടത് സര്‍ക്കാറിന്റെ കീഴില്‍ തന്ത്രപ്രധാന തസ്തികകളില്‍ പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുമെന്ന സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായുള്ള സ്ഥലമാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കളങ്കിതരായ ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അത്തരക്കാരെ അപ്രധാന വകുപ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന കീഴുദ്യോഗസ്ഥരുടെ കാര്യത്തിലും ഈ നയമാണ് നടപ്പാക്കുന്നത്. ഡി.വൈ.എസ്.പി-സി.ഐ തസ്തികകളിലെ പ്രമോഷന്‍ ലിസ്റ്റിനോടനുബന്ധിച്ച അഴിച്ചുപണി ഉടനെയുണ്ടാകും.

Top