യുവതിയെ രക്ഷിക്കാന്‍ സ്വന്തമായി പിഴയടച്ച പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം

ദുബായ്: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ജയിലില്‍ പോകേണ്ടി വന്ന യുവതിയെ രക്ഷിക്കാന്‍ സ്വന്തമായി പിഴയടച്ച പൊലീസ് ഉദ്ദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. റാഷിദിയ സ്റ്റേഷനിലെ ലഫ്റ്റ്‌നന്റ് അബ്ദുല്‍ ഹാദി അല്‍ ഹമ്മാദിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ സ്വന്തം പണമെടുത്ത് പിഴയടച്ചത്. ഇക്കാര്യം ഇദ്ദേഹം രഹസ്യമാക്കി വെച്ചെങ്കിലും ഒരു അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഭര്‍ത്താവിന്റെ കമ്പനിയുടെ ചെക്കില്‍ അദ്ദേഹത്തിന് പകരം ഒപ്പിട്ടതിന്റെ പേരിലാണ് യുവതി കേസില്‍ കുടുങ്ങിയത്. ചെക്ക് മടങ്ങിയതോടെ കോടതിയില്‍ കേസായി. 10,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ 100 ദിവസത്തോളം തടവ് ശിക്ഷ ലഭിക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഏത് വിധേനയും പണം സംഘടിപ്പിക്കാന്‍ ഇവരുടെ ഭര്‍ത്താവ് ശ്രമം തുടങ്ങി. അടുത്ത ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊന്നും പണം കിട്ടാതെ വിഷമിച്ച ഇദ്ദേഹം കോടതിക്ക് മുന്നില്‍ നിന്ന പൊലീസുകാരനോട് വെറുതെ പ്രശ്‌നങ്ങള്‍ പറയുകയായിരുന്നു.

ദമ്പതികളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലായതോടെ ഇവര്‍ ജയിലില്‍ പോകുന്ന സാഹചര്യം എങ്ങനെയും ഒഴിവാക്കണമെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അല്‍ ഹമ്മാദി പറഞ്ഞു. എല്ലാ പ്രതീക്ഷയും നഷ്ടമായവനെപ്പോലെയാണ് യുവതിയുടെ ഭര്‍ത്താവ് തന്റെ അടുത്ത് വന്നത്. 10,000 ദിര്‍ഹം ആവശ്യമുണ്ടെങ്കിലും അയാളുടെ കൈയ്യില്‍ വെറും 100 ദിര്‍ഹം മാത്രമാണുണ്ടായിരുന്നത്. ഭാര്യയുടെ അവസ്ഥ വിവരിക്കുന്നതിനിടെ അയാള്‍ പലതവണ പൊട്ടിക്കരഞ്ഞു. എല്ലാം കേട്ടശേഷം റാഷിദിയ പൊലീസ് സ്റ്റേഷനിലെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ഹമദ് ബിന്‍ സുലൈമാനുമായി കേസിന്റെ വിവരങ്ങള്‍ സംസാരിച്ചു.

കാര്യങ്ങള്‍ മനസിലായതോടെ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്ത് കോടതിയില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ രസീത് യുവതിയുടെ ഭര്‍ത്താവിന് കൈമാറി. താന്‍ പണം തന്ന കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു അയാളോട് പറഞ്ഞിരുന്നതെന്നും എങ്ങനെയാണ് ഇത് വാര്‍ത്തയായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായവും പരിചരണവും വേണ്ടവര്‍ക്ക് ഈ രാജ്യത്ത് അത് നല്‍കല്‍ തന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.

Top