സംവരണേതര സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ് : ഗുജറാത്തിലെ സംവരണേതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍.

കുറഞ്ഞപലിശക്ക് വിദ്യാഭ്യാസ വായ്പ, താമസ സൗകര്യം, മത്സരപരീക്ഷാ പരിശീലനത്തിന് സഹായം തുടങ്ങിയവ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒ.ബി.സി. സംവരണത്തിനായി ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം എന്നത് വളരെ പ്രസക്തമാണ്.

സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഗ്രിവിദ്യാര്‍ഥികള്‍ക്ക് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ, വിദേശപഠനത്തിന് 15 ലക്ഷം രൂപ വായ്പ, മെസ് ഫീസായി മാസം 1200 രൂപയുടെ സഹായം, 70%-ത്തിലേറെ മാര്‍ക്ക് വാങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 15,000 രൂപ ട്യൂഷന്‍ ഫീസ്, മത്സരപരീക്ഷകള്‍ക്ക് പഠിക്കാന്‍ വര്‍ഷം 20,000 രൂപ ട്യൂഷന്‍ ഫീസ്, സ്വയം തൊഴിലിന് 5% പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പ തുടങ്ങിയവ ആനുകൂല്യങ്ങളിലുണ്ട്. വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കേ സഹായം ലഭിക്കൂ.

ഗുജറാത്ത് അണ്‍റിസര്‍വ്ഡ് എജ്യുക്കേഷണല്‍ ആന്‍ഡ് ഇക്കണോമിക്കല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബജറ്റില്‍ ഇതിനായി 600 കോടി രൂപ ഈ വര്‍ഷം വകയിരുത്തിയിരുന്നു.

പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംവരണ തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധേയമാണ്.

Top