fidel castro as outstanding communist leader given to communist’s quiver

മേരിക്കയെ അവരുടെ മൂക്കിന് തുമ്പത്തിരുന്ന് വെല്ലുവിളിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് രാഷ്ട്രമായ കൊച്ച് ക്യുബക്കുള്ളത്.

‘നിങ്ങള്‍ക്ക് ഞങ്ങളെ ആക്രമിക്കാം പക്ഷേ ഒരു പിടി ചുവന്ന മണ്ണല്ലാതെ മറ്റൊന്നും ഇവിടെ നിന്നും ലഭിക്കുകയില്ല’ എന്ന് തുറന്നടിച്ച സാക്ഷാല്‍ ഫിഡല്‍ കാസ്‌ട്രോ ചുമ്മാതല്ല അങ്ങനെ പറഞ്ഞതെന്ന് ക്യൂബയെ ‘നന്നായി അറിയുന്ന’ അമേരിക്ക തന്നെ ‘അനുഭവത്തില്‍’ പഠിച്ച പാഠവുമാണ്.

ലോക വന്‍ശക്തിയെ ചങ്കുറപ്പു കൊണ്ട് തോല്‍പ്പിച്ച ജനതയെ ആക്രമിക്കാന്‍ ചെന്നാല്‍ അവസാന ശ്വാസം വരെ പൊരുതി മരിക്കുകയല്ലാതെ കീഴടങ്ങുകയില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ഉപരോധം വഴി ശ്വാസം മുട്ടിച്ചും അനവധി തവണ ഫിഡല്‍ കാസ്‌ട്രോയെ ചാരന്‍മാരെ വിട്ട് വധിക്കാന്‍ ശ്രമിച്ചും അമേരിക്ക നേരിട്ടുള്ള ആക്രമണം വഴിതിരിച്ചു വിട്ടിരുന്നത്.

അമേരിക്കയുടെ ഈ കുതന്ത്രങ്ങളെല്ലാം ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

ലോക ജനതയില്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരുടെ മാത്രമല്ല പ്രതികരണ ശേഷിയുള്ള സൂഹത്തിന്റെയാകെ ആവേശമാണ് അന്നും ഇന്നും കാസ്‌ട്രോയും ചെഗുവേരയും..

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നും ഈ ധീര സഖാക്കളുടെ കടുത്ത ആരാധകനാണ് എന്നത് ഓര്‍ക്കുക.

ഉത്തരകൊറിയന്‍ ജനതയുടെ സഖാവും അടുത്ത സുഹൃത്തുമായിരുന്നു ഫിഡല്‍ കാസ്‌ട്രോ. കൊറിയയുടേയും ക്യൂബയുടേയും സൗഹൃദ സഹകരണ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പരിശ്രമിച്ച ഒരു വ്യക്തികൂടിയായിരുന്നു അദ്ദേഹം.

1960ല്‍ കാസ്‌ട്രോ ഭരണത്തിലാണ് ഉത്തരകൊറിയയും ക്യൂബയും തമ്മിലുള്ള നയനന്ത്രബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.തുടര്‍ന്ന് രണ്ട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക-വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുകയായിരുന്നു.

2013 ജൂലായില്‍ ക്യൂബന്‍ ആയുധങ്ങള്‍ ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധം ആഴത്തില്‍ ഉറച്ചു. കാസ്‌ട്രോയുടെ മരണശേഷം ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ ക്യൂബയ്ക്ക് അനുശോചനകുറിപ്പ് അയച്ചിരുന്നു. മാത്രമല്ല ഉത്തരകൊറിയയില്‍ മൂന്ന് ദിവസം അനുശോചന ദിവസമായി ആചരിക്കുകയും ചെയ്തു.അമേരിക്കയെ നേരിടാന്‍ കാസ്‌ട്രോ നല്‍കിയ ആയുധങ്ങളേക്കാള്‍ പകര്‍ന്ന് നല്‍കിയ ആവേശമാണ് കിം ജോങ്ങിന്റ കരുത്ത്.

ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്ര തലവനാണ് കിം.

ഏകാധിപതിയായും ധിക്കാരിയായും ലോക രാഷ്ട്രങ്ങള്‍ വിലയിരുത്തുന്ന ഈ കമ്യൂണിസ്റ്റില്‍ പക്ഷേ ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാണ്.

സൗദി അറേബ്യയില്‍ ജനമധ്യത്തില്‍ മനുഷ്യനെ തല വെട്ടി കൊലപ്പെടുത്തുന്നത് പ്രാകൃത ശിക്ഷാരീതിയായി കാണാത്തവരാണ് ഉത്തര കൊറിയയുടെ ശിക്ഷാരീതികളെ എതിര്‍ക്കുന്നത്.

സ്വന്തം അമ്മാവനെ വരെ വെട്ടി പട്ടിക്കിട്ടു കൊടുത്തു…സഹോദരനെ മലേഷ്യയില്‍ ചാവേറുകളെ ഉപയോഗിച്ച് കൊലപ്പെടുത്തി . . തുടങ്ങിയ വാര്‍ത്തകള്‍ ലോക മനസ്സില്‍ ഒരു വില്ലന്‍ പരിവേഷമാണ് ഈ ഏകാധിപതിക്ക് ചാര്‍ത്തി കൊടുത്തിരിക്കുന്നത്.

അമേരിക്കന്‍ താല്‍പര്യ പ്രകാരം പ്രചരിക്കുന്ന കെട്ടുകഥകളാണ് പുറത്തു വരുന്നതില്‍ പലതുമെന്ന് ചൂണ്ടിക്കാണിക്കാന്‍ ചൈനയല്ലാതെ മറ്റൊരു രാജ്യവുമായും നയതന്ത്രബന്ധമില്ലാത്തതും, ഒറ്റപ്പെട്ട് കിടക്കുന്നതും ഉത്തര കൊറിയയെ സംബന്ധിച്ച് പരിമിതികളാണ്.

സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിനായി ഒരു ഭരണാധികാരിക്ക് സ്വീകരിക്കേണ്ടി വരുന്ന നടപടികളാണ് കിം ജോങ് ഉന്‍ നിര്‍വ്വഹിക്കുന്നതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.

കമ്യൂണിസ്റ്റ് സ്റ്റാലിനിസ്റ്റ് രീതികളാണ് ഉത്തര കൊറിയയില്‍ കിം നടപ്പാക്കുന്നത്. കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനമാത്രമാണ് പുറത്ത് പറയാവുന്ന തരത്തിലുള്ള പ്രധാന കൂട്ട്.

അണുവായുധ പരീക്ഷണത്തെ തുടര്‍ന്ന് യുഎന്‍ വിലക്ക് വന്നതിനെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ചൈനയാണ് ഉത്തര കൊറിയക്ക് എല്ലാ സഹായവും നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ ചൈനക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു.

ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ യുദ്ധത്തിനു തയ്യാറാണെന്നാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ വെല്ലുവിളി. മറ്റൊരു രാജ്യവും അമേരിക്കയോട് കാണിക്കാന്‍ ധൈര്യപ്പെടാത്ത ഈ വെല്ലുവിളി ഏതു നിമിഷവും യുദ്ധം പൊട്ടി പുറപ്പെട്ടേക്കുമെന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഉത്തര കൊറിയയെ ലക്ഷ്യമിട്ട് അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനി കപ്പലായ കാള്‍വിന്‍സണ്‍, അനുബന്ധകപ്പലുകളായി ലേക്ക് ചാംപ്ലെയ്ന്‍, വെയ്ന്‍ ഇമെയെര്‍, മൈക്കല്‍ മര്‍ഫി എന്നിവയെ നിയോഗിച്ചത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിയിട്ടുണ്ട്. രണ്ട് ആണവ റിയാക്ടറുകള്‍ ഉള്ള കാള്‍വിന്‍സനില്‍ 59 യുദ്ധവിമാനങ്ങള്‍ ഉണ്ട്.

ദക്ഷിണ കൊറിയയില്‍ മാത്രം അമേരിക്കയുടെ 23,468 സൈനികരുണ്ട്. 140 ടാങ്കുകള്‍, 170 പീരങ്കികള്‍, 7, 719 വ്യോമസേനാംഗങ്ങള്‍,311 നാവിക സേനാംഗങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു.

ഇതിനു പുറമെ അയല്‍ രാജ്യമായ ജപ്പാനില്‍ 39,345 അമേരിക്കന്‍ സൈനികരുമുണ്ട്. മറൈനുകള്‍ 13,724, കരസേന 16,483,വ്യാമസേന 11,618, യുദ്ധവിമാനം 52, നാവിക സേന 1, 228, മുങ്ങി കപ്പല്‍2 യുദ്ധകപ്പല്‍ 14.

ഇതിനു പുറമെ സിംഗപ്പുരില്‍ 178, ഗുവാം 3,831,ഫിലിപ്പീന്‍സ് 117, തായ്‌ലന്‍ഡ് 289, ഓസ്‌ട്രേലിയ 188 എന്നിങ്ങനെ സൈനികരെ നിലവില്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. 2500 മറൈനുകള്‍ ഓസ്‌ട്രേലിയയില്‍ മാത്രം പരിശീലനത്തിലുമുണ്ട്.

വിയറ്റ്‌നാം ഉള്‍പ്പെടെ ഈ രാജ്യങ്ങളിലെല്ലാം കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനും വ്യോമ താവളങ്ങള്‍ ഉപയോഗിക്കുവാനും എപ്പോള്‍ വേണമെങ്കിലും അംഗസംഖ്യ വര്‍ദ്ധിപ്പിക്കുവാനും അമേരിക്കക്ക് ഇതുവഴി എളുപ്പം കഴിയും.

എന്നാല്‍ ഉത്തര കൊറിയയുടെ ആത്മവിശ്വാസം അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ്. ഈ മിസൈല്‍ വെള്ളിയാഴ്ച നടന്ന പരേഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മാര്‍ച്ച് ആദ്യം ജപ്പാന്‍ തീരത്തേക്ക് ഉത്തര കൊറിയ നാല് മിസൈലുകള്‍ പരീക്ഷിച്ചതാണ് അമേരിക്കയെ പ്രകോപിതരാക്കിയത്.

ദക്ഷിണ കൊറിയന്‍ തലസ്ഥാനം മാത്രമല്ല ജപ്പാനിലും വന്‍ നാശം വിതക്കാന്‍ ശേഷിയുള്ള മിസൈലുകളായിരുന്നു ഇതും.

തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഉത്തര കൊറിയയെ നിലക്ക് നിര്‍ത്തിയില്ലങ്കില്‍ ലോക പൊലീസായ അമേരിക്കയുടെ ശക്തി ചോദ്യം ചെയ്യപ്പെടുമെന്ന ഉള്‍ഭയവും പുതിയ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

അമേരിക്കയുടെ കൊറിയന്‍ പകക്ക് 1950 ലെ കൊറിയന്‍ യുദ്ധത്തോളം പഴക്കമുണ്ട്. ദക്ഷിണ കൊറിയയെ ഉത്തര കൊറിയ ആക്രമിച്ചതോടെയാണ് അന്നു യുദ്ധം ആരംഭിച്ചത്.

യുഎന്‍ സഖ്യസേനയുടെ സഹായത്തോടെ യുഎസ് സൈന്യം ഉത്തര കൊറിയന്‍ സൈന്യത്തെ തുരത്തുകയായിരുന്നു. എന്നാല്‍ പിന്നീട് ചൈന യുദ്ധരംഗത്തേക്ക് വന്നതോടെ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും പിന്‍ വാങ്ങേണ്ടി വന്നു.

തുടര്‍ന്ന് 1953 ജൂലൈ 27ന് യുഎന്‍ കമാന്‍ഡും ഉത്തര കൊറിയ ചൈന ജോയിന്റ് കമാന്‍ഡും താല്‍ക്കാലിക യുദ്ധവിരാമ കരാറുണ്ടാക്കിയെങ്കിലും ദക്ഷിണ കൊറിയ കക്ഷിയായിരുന്നില്ല. അന്ന് യുദ്ധ തടവുകാരെ കൈമാറുന്നതിനായി നിയോഗിച്ച നിഷ്പക്ഷ രാജ്യങ്ങളുടെ മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്കായിരുന്നു.

യുദ്ധം നിര്‍ത്തല്‍ കരാറില്‍ ദക്ഷിണ കൊറിയ കക്ഷിയല്ലാത്തതിനാല്‍ അമേരിക്കയുടെ സാന്നിധ്യവും ദക്ഷിണ കൊറിയയുമായുള്ള യു എസിന്റെ സൈനിക കരാറും ഉത്തര കൊറിയ ഇപ്പോഴും അംഗീകരിക്കുന്നില്ല.

പുതിയ ആയുധങ്ങള്‍ വിലക്കുന്ന യുദ്ധം നിര്‍ത്തല്‍ കരാര്‍ ഏകപക്ഷീയമായി ലംഘിച്ചാണ് അമേരിക്ക 1956 മുതല്‍ ദക്ഷിണ കൊറിയയില്‍ അണുവായുധങ്ങളും മിസൈലുകളും വിന്യസിച്ചു പോന്നിരുന്നത്.

ഇതോടെയാണ് ഉത്തര കൊറിയ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. ഏത് രാജ്യവും തങ്ങളുടെ രാജ്യത്തിനുവേണ്ടി സ്വീകരിക്കുന്ന സ്വാഭാവിക നടപടി മാത്രമായിരുന്നു അത്.

ദക്ഷിണ കൊറിയയില്‍ കൂടുതല്‍ ആണവ മിസൈലുകള്‍ വിന്യസിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ 2016ലെ തീരുമാനമാണ് ഇപ്പോഴത്തെ പ്രകോപനങ്ങളുടെ അടിസ്ഥാന കാരണം. ഇതിന് പിന്നില്‍ ജപ്പാന്റെ സമ്മര്‍ദ്ദമുണ്ടെന്നും പറയപ്പെടുന്നു.

ഈ മിസൈലുകള്‍ തങ്ങളെ ഭാവിയില്‍ ലക്ഷ്യം വച്ചേക്കുമെന്ന ഭയം ചൈനക്കുമുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്നും അണുവായുധങ്ങള്‍ നീക്കിയാല്‍ ഉത്തര കൊറിയയുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്നാണ് ചൈന അമേരിക്കയെ അറിയിച്ചിരിക്കുന്നത്.എന്നാല്‍ ഈ വാദം അമേരിക്ക അംഗീകരിച്ചിട്ടില്ല ഫലത്തില്‍ ഏത് നിമിഷവും യുദ്ധം പൊട്ടിപുറപ്പടാവുന്ന സാഹചര്യമാണുള്ളത്.

Top