ഫാറൂഖ് കോളജ് സംഭവം; വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അധ്യാപകനേയും അനധ്യാപകനേയും ജാമ്യത്തില്‍ വിട്ടയച്ചു

farooque college

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെയും അനധ്യാപകനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോളേജിലെ അധ്യാപകനായ മുഹമ്മദ് നിഷാദ്, ലാബ് അസിസ്റ്റന്റ് എ പി ഇബ്രാഹിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആയുധവുമായി സംഘം ചേരല്‍, കമ്പ്, കല്ലുകൊണ്ടുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇരുവര്‍ക്കും നേരെ ചുമത്തിയും. ഇരുവരെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ചു എന്ന അനധ്യാപകന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ മാസം പതിനഞ്ചിനാണ് സംഭവം നടന്നത്. പട്ടിക, പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത് .അധ്യാപകരുടെ ആക്രണത്തില്‍ എട്ടോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഷഹാബ്, ഷെഹീം ഫഹ്മി, നവാസ്, അനീസ് തുടങ്ങിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയും കോളജ് ജീവനക്കാരനായ ഇബ്രാഹിം കുട്ടിക്കും കണ്ടാലറിയാവുന്ന മറ്റ് അധ്യാപകര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എസ് ഐ എ.രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് അധികൃതര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്മീഷന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കമ്മീഷന്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.

പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച കോളജിലെ തന്നെ അധ്യാപകന്‍ ജൗഹര്‍ മുന്‍വീറിനെതിരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കോളജ് മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. അധ്യാപകന്റെ ‘വത്തക്കാ’ പരാമര്‍ശത്തിനെതിരെ ഏറെ പ്രതിഷ്ധമുയര്‍ന്നിരുന്നു. പെണ്‍കുട്ടികളെ അപമാനിച്ചതിനെതിരെ സോഷ്യല്‍ മീഡിയയിലും അധ്യാപകനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Top