ലിഗ്നൈറ്റ് ഖനനത്തിനായി ഭൂമി ഏറ്റെടുക്കല്‍; ഗുജറാത്തില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തം

gujarath

അഹമ്മദാബാദ്: ഗുജറാത്തിലെ ഭവ നഗറില്‍ ലിഗ്നൈറ്റ് ഖനനത്തിനായി വയല്‍ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. അമ്പതോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും, ലാത്തിചാര്‍ജിലും അഞ്ചു പേര്‍ക്ക് പരുക്കേറ്റു.

ഭവനഗറിലെ ഗോഗ താലൂക്കില്‍ 12 ഗ്രാമങ്ങളിലായി 3,000 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന 1,200 കൃഷിക്കാരുടെ സ്ഥലമാണ് ലിഗ്നൈറ്റ് ഖനനത്തിനായി ഏറ്റെടുത്തത്. ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാല്‍ കമ്പനി തുടര്‍ നടപടികളൊന്നും നടത്തിയിരുന്നില്ല. അടുത്തകാലംവരെ കര്‍ഷകര്‍ വയലില്‍ കൃഷി ഇറക്കുകയും ചെയ്തു. ഇതോടെ കര്‍ഷകര്‍ സ്ഥലത്തിനു കമ്പനിക്കുള്ള ഉടമസ്ഥത ചോദ്യം ചെയ്തു രംഗത്തു വരികയായിരുന്നു.

എന്നാല്‍ കമ്പനി സ്ഥലം സംരക്ഷിക്കാന്‍ പോലീസിന്റെ സഹായം തേടിയതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സമാധനപരമായി കര്‍ഷകര്‍ നടത്തിയ പ്രതിഷേധ സമരത്തിനു നേരെ പോലീസ് അതിക്രമം കാണിക്കുകയായിരുന്നെന്ന് കര്‍ഷക നേതാവ് നരേന്ദ്രസിംഗ് ഗോഹില്‍ പറഞ്ഞു. സ്ഥലം വീണ്ടെടുക്കാന്‍ കമ്പനി നടത്തുന്ന മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.

Top