കാര്‍ഷിക വായ്പ്പതട്ടിപ്പ്; അറസ്റ്റ് വൈകുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി

thomas

ആലപ്പുഴ: വ്യാജരേഖകള്‍ ചമച്ച് കുട്ടനാട്ടില്‍ കാര്‍ഷിക വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റ് വൈകുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് വിമര്‍ശനം. വികാരി ഉള്‍പ്പടെയുള്ള പ്രധാന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളി ദിവസങ്ങളായിട്ടും അന്വേഷണ സംഘം ഇതുവരെ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. ഭരണകക്ഷിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് നടപടി സ്വീകരിക്കാത്തതെന്നാണ് സൂചന

വികാരിയെ അറസ്റ്റ് ചെയ്യുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി സമര്‍പ്പിക്കാനുള്ള സാവകാശം നല്‍കാനാണ് സംഘത്തിന് സമ്മര്‍ദ്ദമുള്ളതെന്നാണ് വിവരം. പ്രതിപക്ഷ കക്ഷികളും കര്‍ഷകസംഘടനകളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

കുട്ടനാട്ടില്‍ നടന്ന വായ്പ തട്ടിപ്പില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍സിപി നേതാവുമായ അഡ്വ. റോജോ ജോസഫ്, കര്‍ഷകസംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസനസമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

വിശ്വാസവഞ്ചനയ്ക്കും വ്യാജരേഖകള്‍ ചമച്ച് വായ്പാ പണം തട്ടിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുട്ടനാട്ടിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ക്രൈംബ്രാഞ്ച് സംഘം കോടതി ഉത്തരവിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top