ജാഗ്രത! ഈ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും!

ലോകത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ ആയ വാട്‌സ്ആപ്പിനും വ്യാജന്മാര്‍. ഇത്തരം വ്യാജ ആപ്പുകള്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി മാല്‍വെയര്‍ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ്ആപ്പ് പ്ലസ് എന്ന പേരിലുള്ള ആപ്പാണ് വ്യാജന്മാരില്‍ പ്രമുഖന്‍.

പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ലിങ്കുകള്‍ വഴിയാണ് വാട്‌സ്ആപ്പ് പ്ലസ് ഉപയോക്താക്കളിലേക്കെത്തുന്നത്. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായാണ് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ആകുക. ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം സ്വര്‍ണനിറമുള്ള ലോഗോയായാണ് ഈ ആപ്പ് കാണപ്പെടുക. എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാകും വരിക. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ അവ്യക്തമായ മറ്റൊരു വെബ്‌സൈറ്റിലേക്കാണ് ഉപയോക്താവ് എത്തുക. അറബിയാണ് വെബ്‌സൈറ്റിലെ പ്രധാനഭാഷ.

അയക്കുന്ന മെസേജുകളും വോയ്‌സ് ക്ലിപ്പുകളും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഈ ആപ്പിലുണ്ടെന്നാണ് വിവരം.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ഈ ആപ്പ് ചോര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top