കല്യാൺ ജ്വല്ലേഴ്സിന് എതിരായ പ്രചാരണം, ജോയ് ആലുക്കാസ് ജീവനക്കാരൻ കുടുങ്ങി

തൃശൂര്‍: കല്യാണ്‍ ജ്വല്ലറിക്കെതിരായി പ്രചാരണം നടത്തിയ ജോയ് ആലുക്കാസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. മുന്‍പ് ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട എടക്കുളം സ്വദേശി ജോസൂട്ടി എന്ന ജോസ് കെ.വി ആണ് അറസ്റ്റിലായത്.

ഇപ്പോള്‍ കോയമ്പത്തൂര്‍ ജോയ് ആലുക്കാസില്‍ ജോലി ചെയ്യുന്ന ഇയാളെ അവിടെ നിന്നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്.

ഇതോടെ കല്യാണിന്റെ സ്വര്‍ണ്ണം മായമാണെന്ന പ്രചരണത്തിന് പിന്നില്‍ ബിസിനസ്സ് പരമായ മറ്റ് കുടിപ്പകകള്‍ കൂടി ഉണ്ടെന്ന വാദം ശക്തമായിരിക്കുകയാണ്.

തിരുവനന്തപുരത്തെ കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ വ്യക്തി തമ്പാനൂര്‍ പൊലീസില്‍ അടുത്തിടെ നല്‍കിയ പരാതിയാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

പിന്നീട് നാടകീയമായി പരാതിയില്‍ നിന്നും പിന്‍വാങ്ങിയ പരാതിക്കാരന്‍ ഇപ്പോള്‍ ഒരു പരാതിയും ഇല്ലന്നാണ് പറയുന്നത്. ഇതും ഏറെ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഇതിനിടെ സംഭവത്തില്‍ ഇടപെട്ട തമ്പാനൂര്‍ എസ്.ഐ സമ്പത്തിനെ സര്‍ക്കാര്‍ ഇടപെട്ട് പേരൂര്‍ക്കടയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

ജ്വല്ലറി വ്യവസായ രംഗത്ത് കേരളത്തിലെ ഒന്നാം സ്ഥാനക്കാരായ കല്യാണിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ അണിയറയില്‍ നടക്കുന്നതായി മുഖ്യമന്ത്രിക്ക് ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top