പട്ടാള വേഷത്തില്‍ മുഖ്യമന്ത്രിക്കെതിരേ വ്യാജപ്രചാരണം ; ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

തിരുവനന്തപുരം : സൈനിക വേഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയും വ്യാജപ്രചാരണം നടത്തിയ ആള്‍മാറാട്ടക്കാരനെതിരെ കേസെടുത്തു. പത്തനംതിട്ട സ്വദേശി ഉണ്ണി എസ് നായര്‍ എന്നയാള്‍ക്കെതിരെയാണ് ഫെയ്‌സ്ബുക്കില്‍ വ്യാജപ്രചാരണത്തിന് കേസെടുത്തത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും പട്ടാള വേഷത്തിലിരുന്ന് ഇയാള്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സൈന്യത്തോട് കേരളസര്‍ക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കാത്തതെന്നുമായിരുന്നു ഇയാള്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും. ആര്‍മി കേരളത്തില്‍ വന്നതുകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകില്ലെന്നും ആര്‍മി ഭരണം പിടിച്ചെടുക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഇയാള്‍ സൈനികനല്ലെന്നു വ്യക്തമാക്കി കരസേനയും രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്നു കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയില്‍ പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി. സൈന്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 7290028579 എന്ന വാട്‌സാപ് നമ്പറില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Top