‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി മാത്രം മതി; മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന

ramya-divyaspandana

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് ദിവ്യസ്പന്ദന . വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് സമൂഹമാധ്യമങ്ങള്‍ വേണ്ടെന്നും പ്രധാനമന്ത്രി മാത്രം മതിയെന്നുമാണ് ദിവ്യ സ്പന്ദന പറഞ്ഞത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്‍ത്തകളും പ്രചരണങ്ങളുമായിരിക്കുമെന്നും കോണ്‍ഗ്രസ്സിന്റെ സമൂഹമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുന്‍ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു.

ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് നമ്മള്‍ കണ്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ്സ് നടത്തുന്നതെന്നും അവര്‍ സൂചിപ്പിച്ചു.

എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ഇത്തരം വ്യാജ വാര്‍ത്തകള്‍ നടത്താറുണ്ടെന്നും. ഒടുവില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ആരോപിച്ച വ്യാജ പ്രചരണം എല്ലാവര്‍ക്കുമറിയാമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര പരാമര്‍ശം ദിവ്യ നടത്തിയത്. പ്രധാനമന്ത്രി തന്നെ വ്യാജ വാര്‍ത്തകള്‍ പരത്തുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ദിവ്യയുടെ മറുപടി.

പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് സന്ധിയിലേര്‍പ്പെട്ടതായി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രചരിപ്പിച്ചില്ലേയെന്നും ബിജെപിക്ക് നുണയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ വാട്സ്സാപും ട്വിറ്ററും ആവശ്യമില്ലെന്നും അതിന് പ്രധാനമന്ത്രി മാത്രം മതിയെന്നും ഒരടിസ്ഥാനവുമില്ലാത്ത പല കാര്യങ്ങളും മോദി പ്രചരിപ്പിക്കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു.

Top