മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാനായി ഫേസ്‌ബുക്കിന്റെ പുതിയ സംരംഭം

facebook

മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം എന്നാണ് സുക്കര്‍ബര്‍ഗിന്റെ അഭിപ്രായം.

ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പരം പിന്തുണയ്ക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും ജനങ്ങളെ സഹായിക്കുന്ന പുതിയ ചില സംരംഭങ്ങളും സവിശേഷതകളും സംബന്ധിച്ച് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു.

മെന്റര്‍ഷിപ്പ് ആന്‍ഡ് സപ്പോര്‍ട്ട് എന്ന പുതിയ സംരംഭത്തിലൂടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത പരിപാടികളിലൂടെ ഉപദേഷ്ടാക്കള്‍ക്കും ഉപേദേശം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരസ്പരം ബന്ധപ്പെടാനും നേരിട്ട് പ്രവര്‍ത്തിക്കാനും കഴിയും.

ലക്ഷ്യങ്ങള്‍ നേടാന്‍ പിന്തുണയും ഉപേദേശവും ആവശ്യമുള്ളവരെ അവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന പരിചയസമ്പത്തും വൈദഗ്ധ്യവും ഉള്ളവരുമായി ബന്ധപ്പെടാന്‍ സഹായിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.

തുടക്കമെന്ന നിലയില്‍ ഫേസ്ബുക്ക് ഐമെന്റര്‍( വിദ്യാഭ്യാസത്തിനായി) , ദി ഇന്റര്‍നാഷണല്‍ റെസ്‌ക്യു കമ്മറ്റി( അപകടങ്ങളില്‍ നിന്നും രക്ഷപെടുന്നതിനായി) എന്നിവയാണ് ആരംഭിച്ചിരിക്കുന്നത്.

18 വയസുമുതല്‍ മുകളിലുള്ളവര്‍ക്ക് മാത്രമാണ് സഹായങ്ങള്‍ ലഭ്യമാവുക. നിര്‍ദ്ദേശം തേടുന്നവരുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് ഉപദേഷ്ടാക്കളെ സംബന്ധിച്ച് പങ്കാളികളായ സ്ഥാപനങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ആളുകള്‍ക്ക് ഫേസ്ബുക്കില്‍ പരാതിപ്പെടുകയും ചെയ്യാം.

മാത്രമല്ല, ഫേസ്ബുക്കിന് പുറമെ ഉള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കിന്റെ ധനസമാഹരണവുമായി ബന്ധിപ്പിച്ചും നടത്താന്‍ സാധിക്കും.

ഫേസ്ബുക്ക് ഒരു കമ്മ്യൂണിറ്റി ഹെല്‍പ് എപിഐയും അവതരിപ്പിച്ചിട്ടുണ്ട്. പബ്ലിക് കമ്മ്യൂണിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന അപകട ഘട്ടങ്ങളില്‍ സഹായം ആവശ്യമുള്ള ആളുകളുടെ വിവരങ്ങള്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കും.

ഇതിന് പുറമെ ഫേസ്ബുക്ക് ബ്ലഡ് ഡൊണേഷന്‍ ഫീച്ചര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചര്‍ 2018 തുടക്കത്തില്‍ ബംഗ്ലാദേശില്‍ ലഭ്യമായി തുടങ്ങും.

Top