facebook stop collecting whatsapp users data in europe

യൂറോപ്പില്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി ഫേസ്ബുക്ക് നിര്‍ത്തിവെച്ചു. അധികാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഇതോടെ യൂറോപ്പില്‍ നിന്നുള്ള വാട്‌സ്ആപ്പ് ഉപഭോക്താക്കളില്‍ നിന്നും ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് ഇനി ശേഖരിക്കില്ല.

അതേസമയം, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ തീരുമാനം താല്‍ക്കാലികം മാത്രമാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

യു.കെയിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസുമായും മറ്റ് വിവര സുരക്ഷാ ഉദ്യോഗസ്ഥരുമായുമുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ഫേസ്ബുക്ക് പറഞ്ഞു.

2014ലാണ് 1900 കോടി ഡോളറിന് ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നത്. ഈ വര്‍ഷം ആഗസ്തിലാണ് ഫേസ്ബുക്ക് വാട്‌സാപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.

ഇതിനെതിരെ യൂറോപ്പിലെ വിവിധ ഡാറ്റാ കളക്ഷന്‍ അതോറിറ്റികള്‍ രംഗത്തുവരികയും നിയമപരമായ തീരുമാനം ഉണ്ടാകുന്നത് വരെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

വാട്‌സ്ആപ്പില്‍ നിന്നുള്ള വിവരശേഖരണം നിര്‍ത്തിവെക്കാനുള്ള ഫേസ്ബുക്കിന്റെ തീരുമാനം ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ സ്ഥിരീകരിച്ചു.

ജര്‍മ്മനിയില്‍ നേരത്തെ തന്നെ ഫേസ്ബുക്കിന്റെ നീക്കം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ദേശീയ വിവര സംരക്ഷണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

നിലവില്‍ ശേഖരിച്ച വിവരങ്ങളെല്ലാം നീക്കം ചെയ്യാനും ജര്‍മ്മന്‍ അധികാരികള്‍ ഉത്തരവിട്ടു.

ഈ വിഷയത്തില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനുമെതിരെ ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് നിബന്ധനകളോടുകൂടി ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു

Top