ഫെയ്‌സ്ബുക്കിന്റെ പ്രൈവസി റിവ്യൂ 11 പ്രാദേശിക ഭാഷകളില്‍ ലഭ്യമാവും

mark-zuckerberg

യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിന്റെ ഡാറ്റാ പ്രൈവസി പോളിസി പരിഷ്‌കരിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇതിനായി ഉപയോക്താക്കള്‍ പരസ്യങ്ങള്‍ക്കും, ഫെയ്‌സ് റെക്കഗ്‌നിഷനും മറ്റുമായി നല്‍കുന്ന വിവരങ്ങളെന്തെന്ന് പരിശോധിക്കാമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൈവസി റിവ്യൂ അറിയിപ്പുകള്‍ ന്യൂസ് ഫീഡില്‍ പ്രദര്‍ശിപ്പിക്കും.

പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 11 പ്രാദേശിക ഭാഷകളില്‍ പ്രൈവസി റിവ്യൂ ലഭ്യമാവും. ഈ സൗകര്യം യൂറോപ്യന്‍ യൂണിയനിലും ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം തന്നെ കാണാന്‍ സാധിക്കും വിധമായിരിക്കും ഫെയ്‌സ്ബുക്കിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.

പരസ്യങ്ങള്‍ക്ക് വേണ്ടി എങ്ങിനെയാണ് ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിക്കുന്നത്, ഫെയ്‌സ് റെക്കഗ്‌നിഷന്‍ എങ്ങിനെയാണ് ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫീച്ചറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നിവയടക്കമുള്ള വിവരങ്ങള്‍ കമ്പനി ഉപയോക്താക്കള്‍ക്ക് എളുപ്പം കാണും വിധം പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയം, മതം, ബന്ധുത്വം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എന്തെല്ലാം ആണെന്നും അവര്‍ക്ക് അറിയാന്‍ സാധിക്കും.

Top