പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വിജയ് ആരാധകന്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിജയ് ആരാധകനായ കൗമാരക്കാരന്‍ അറസ്റ്റില്‍.

തമിഴ്നാട് വിരുതനഗര്‍ സ്വദേശി എസ്. തിരുമുരുഗനാണ് അറസ്റ്റിലായത്.

ബിജെപി ജില്ലാ സെക്രട്ടറി കെ. മാരിമുത്തുവിന്റെ പരാതിയിലാണ് അറസ്റ്റ്. വിജയ് ചിത്രമായ മെര്‍സലിനെ വിമര്‍ശിച്ച് മാരിമുത്തു ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റാണ് അധിക്ഷേപത്തിനു കാരണമായത്.

മാരിമുത്തുവിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് തിരുമുരുഗന്‍ കമന്റ് ചെയ്തു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിട്ടും തിരുമുരുഗന്‍ അധിക്ഷേപം തുടര്‍ന്നെന്നും ഇതേ തുടര്‍ന്നാണ് കേസ് നല്‍കിയതെന്നും മാരിമുത്തു പറയുന്നു.

ഫേസ്ബുക്കിലെ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് മാരിമുത്തു പരാതി നല്‍കിയത്.

Top