പുതിയ രൂപത്തില്‍ ചൈനയിലേക്ക് നുഴഞ്ഞ് കയറി ഫേസ്ബുക്ക്‌

ഫെയ്‌സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ചൈനയിലേക്ക് പുതിയ രൂപത്തിലും ഭാവത്തിലും നുഴഞ്ഞു കയറിയിരിക്കുകയാണ് ഈ ടെക്ക് ഭീമന്‍.

കളര്‍ഫുള്‍ ബലൂണ്‍സ് എന്ന പേരില്‍ ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനാണ് ഫേയ്‌സ്ബുക്ക് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ തയ്യാറായില്ല.

2009ല്‍ ഭരണകൂടത്തിനെതിരെ ഷിന്‍ജിയാങ് ആക്റ്റിവിസ്റ്റുകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ചൈന ഫെയ്‌സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രക്ഷോഭകാരികള്‍ ആശയവിനിമയത്തിനായി ഫേയ്‌സ്ബുക്ക് ശൃഖല ഉപയോഗപ്പെടുത്തി എന്ന് കാണിച്ചായിരുന്നു നിരോധനം.

ഫെയ്‌സ്ബുക്കിന്റെ സമാനമായ സേവന സൗകര്യങ്ങളോടുകൂടിയ റെന്‍ റെന്‍ പോലെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയകള്‍ക്ക് വലിയ സ്വീകാര്യതയുള്ളതും ഫെയ്‌സ്ബുക്കിനെ ചൈനയില്‍ നിന്ന് അകറ്റി നിര്‍ത്തി.

അടുത്തിടെ സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്പുകള്‍ക്കുമുള്ള നിയന്ത്രണം ചൈനീസ് അധികൃതര്‍ ശക്തിപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന് ഭാഗികമായ നിരോധനം കൊണ്ടുവരികയും ചെയ്തിരുന്നു.

7 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ചൈനയില്‍ ഫെയ്‌സ്ബുക്കിന് ഏറെനാളായി ഒരു കണ്ണുണ്ട്. നിരോധനം നിലനില്‍ക്കുന്നതിനാല്‍ ചൈനയിലേക്ക് പ്രവേശിക്കാന്‍ ഫെയ്‌സ്ബുക്കിനാവുന്നില്ല. ചൈനീസ് അധികാരികളെ പലവിധത്തിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഫെയ്‌സ്ബുക്ക് നടത്തുന്നുണ്ട്.

Top