ലാഭം നേടുന്ന രാജ്യത്ത്‌ പ്രാദേശികമായി നികുതി അടയ്‌ക്കാന്‍ ലക്ഷ്യമിട്ട് ഫേയ്‌സ്ബുക്ക്‌

Facebook

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള ഫേയ്‌സ്ബുക്കിന്‌ അതത് രാജ്യങ്ങളിലെ സര്‍ക്കാരിലേക്ക് കൂടുതല്‍ നികുതി നല്‍കേണ്ടത് സംബന്ധിച്ച് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ അടുത്തിടെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

ഇതേ തുടര്‍ന്ന് ഓഫീസ് ഉള്ള രാജ്യങ്ങളില്‍ പ്രാദേശിക വില്‍പ്പന മാതൃകയിലേക്ക് മാറുന്നത് സംബന്ധിച്ച് ഫേയ്‌സ്ബുക്ക് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ലാഭം നേടുന്ന രാജ്യത്ത് നികുതി അടയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

നിലവില്‍ ഫേയ്‌സ്ബുക്കിന്റെ പ്രാദേശിക ടീമുകള്‍ നേടുന്ന പരസ്യ വരുമാനം കമ്പനിയുടെ അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള അന്താരാഷ്ട്ര ആസ്ഥാനത്താണ് രേഖപെടുത്തുന്നത്.

എന്നാല്‍ പ്രാദേശികമായി നേടുന്ന പരസ്യ വരുമാനം അതേ രാജ്യത്തെ ഓഫീസില്‍ തന്നെ രേഖപെടുത്തുന്ന മാതൃക കമ്പനി നടപ്പിലാക്കുകയാണ്.

‘പ്രാദേശിക വില്‍പ്പന മാതൃകയിലേക്ക് മാറുന്നതിലൂടെ ഓരോ രാജ്യത്തെയും കമ്പനി നേടുന്ന വില്‍പ്പന, വരുമാനം സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാരിനും നയതന്ത്രജ്ഞര്‍ക്കും കൂടുതല്‍ സുതാര്യത നല്‍കാന്‍ കഴിയും ‘ ഫേസ്ബുക്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവ് വെഹ്നര്‍ ബ്ലോഗിലൂടെ വ്യക്തമാക്കി.

കഴിയുന്നത്ര വേഗത്തില്‍ പുതിയ പരിഷ്‌കരണം നടപ്പിലാക്കുമെന്നും തടസ്സരഹിതമായി പുതിയ സംവിധാനത്തിലേക്ക് മാറുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

2018ല്‍ പൂര്‍ണമായി മാറ്റം നടപ്പിലാക്കാനാണ് പദ്ധതി, 2019 പകുതിയോടെ എല്ലാ ഓഫീസുകളിലും ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു.

Top