ഫ്രണ്ട്‌സ് ഡേ ആഘോഷമാക്കാന്‍ ഫെയ്‌സ്ബുക്ക്‌ ‘ഫ്രണ്ട്‌സ് അവാര്‍ഡ് ‘ പ്രഖ്യാപിച്ചു

Facebook

പേഴ്‌സണലൈസ് വീഡിയോ അല്ലെങ്കില്‍ ഹ്രസ്വചിത്രങ്ങളിലൂടെ പ്രിയപ്പെട്ട അഞ്ച് സുഹൃത്തുക്കളെ ഉയര്‍ത്തി കാണിക്കാന്‍ സഹായിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ‘ഫ്രണ്ട്‌സ് അവാര്‍ഡ്’.

സവിശേഷമായ മൂന്ന് ക്യാമറ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് വീഡിയോകള്‍ ഷെയര്‍ ചെയ്യാനും അവസരമുണ്ട്. ഫ്രണ്ട്‌സ് ഡേയോട് അനുബന്ധിച്ചാണ് ഫെയ്‌സ്ബുക്ക് ‘ഫ്രണ്ട്‌സ് അവാര്‍ഡ്’ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച സന്ദേശം ന്യൂസ് ഫീഡിന് മുകളിലായി കാണാം. ഫെയ്‌സ്ബുക്കില്‍ ലഭ്യമായ ടെമ്പ്‌ളേറ്റുകള്‍ ഉപയോഗിച്ചോ സ്വന്തമായി ടെമ്പ്‌ളേറ്റുകള്‍ ഉണ്ടാക്കിയോ വീഡിയോകള്‍ തയ്യാറാക്കാവുന്നതാണ്.

ബെസ്റ്റീ, ഗ്രേറ്റ് ലിസണര്‍, നോസ് ഹൗ ടു മേക്ക് മീ ലാഫ് മുതലായ ടെമ്പ്‌ളേറ്റുകളാണ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന വീഡിയോകള്‍ കൂട്ടുകാരുമായി പങ്കുവച്ച് സൗഹൃദം ആഘോഷിക്കുന്നതിനൊപ്പം പ്രിയ കൂട്ടുകാരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യാം.

2017ല്‍ ഇത്തരത്തിലുള്ള 600 ദശലക്ഷം വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടതെന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. ഫെയ്‌സ്ബുക്കില്‍ ശരാശരി 750 ദശലക്ഷം പുതിയ സൗഹൃദങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2017 ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷത്തെ കണക്ക് പ്രകാരം ഫെയ്‌സ്ബുക്ക് നേടിയ വളര്‍ച്ച 47 ശതമാനമാണ്. ഓരോ മാസവും 2.1 ബില്യണ്‍ ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ദിവസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 1.4 ബില്യണ്‍ ആണ്.

Top