പാക്കിസ്ഥാനിലും ചൈനയിലും ഇനിയൊരു ഇല അനങ്ങിയാൽ . . ‘ആകാശ കണ്ണറിയും’

ന്യൂഡല്‍ഹി: പാക്കിസ്ഥാനും ചൈനയുമെല്ലാം ഇനി ഒന്നനങ്ങിയാല്‍ അത് ഇന്ത്യ അറിയും. സുരക്ഷയുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിനരികെയാണ് ഇപ്പോള്‍ ഇന്ത്യ.

നിരീക്ഷണ ശേഷികൊണ്ട് ആകാശത്തിലെ കണ്ണുകളെന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് സീരിസിലെ കൂറ്റന്‍ ഉപഗ്രഹം ഈ മാസം അവസാനത്തോടെയാണ് ഐ എസ് ആര്‍ ഒ വിക്ഷേപിക്കുന്നത്.

14നില കെട്ടിടത്തിന്റെ ഉയരമുള്ള ഏറ്റവും ഭാരം കൂടിയ റോക്കറ്റ് ജി എസ് എല്‍ വി മാര്‍ക്ക് ത്രീ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നേട്ടം ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത്.

ഭൂമിയെ നിരീക്ഷിക്കുക എന്നതാണ് ഈ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.

കാര്‍ട്ടോസാറ്റ്2 പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായ ഇതിന്റെ ഭാരം 550 കിലോയാണ്. പിഎസ്എല്‍വിസി38 റോക്കറ്റിലാണ് വിക്ഷേപിക്കുക. നിര്‍ദ്ദിഷ്ട സ്‌പോട് ഇമേജറിക്ക് സാധിക്കുന്ന വിപുലമായ റിമോര്‍ട്ട് സെണ്‍സിങുള്ള ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്.

ഭൂമിയിലെ വൈദ്യുതകാന്ത വര്‍ണ്ണഛായയുള്ള പ്രദേശങ്ങളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് പാന്‍ക്രോമാറ്റിക് (പാന്‍) ക്യാമറ ഉപഗ്രഹം വഹിക്കുന്നുണ്ട്. 9.6 കിലോമീറ്റര്‍ സ്‌പേഷ്യല്‍ റെസല്യൂഷനുണ്ട് ഈ പാന്‍ ക്യാമറക്ക്.

രാജ്യസുരക്ഷയുടെ ഭാഗമായി മുന്‍പും ഇത്തരം ഉപഗ്രഹങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഈ പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായി ഇപ്പോള്‍ വിക്ഷേപണത്തിന് തയ്യാറായതില്‍ ആധുനിക സംവിധാനങ്ങള്‍ ഏറെയാണ്.

പാക്കിസ്ഥാനിലെയും ചൈനയിലെയും സൈനിക നീക്കങ്ങള്‍ മാത്രമല്ല അവിടെ ഒരു ഇല അനങ്ങിയാല്‍ പോലും ഇനി ഇന്ത്യ അറിഞ്ഞിരിക്കും.

ഈ ശ്രേണിയിലെ ചെറിയ ഉപഗ്രഹത്തിന്റെ സഹായത്തോടെയായിരുന്നു ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയതെന്ന് നേരത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാലാമന്റെ വരവോടെ ഇനി പാക്കിസ്ഥാന്‍ തലസ്ഥാനം ഇസ്ലാമാബാദും സൈനിക ആസ്ഥാനം റാവല്‍പിണ്ടിയും ഉള്‍പ്പെടെ ഇന്ത്യയുടെ ആകാശ കണ്ണിന്റെ നിരീക്ഷണത്തിലാകും.

Top