യുപി നിയമസഭയില്‍ നിന്നും കണ്ടെത്തിയത് വന്‍ സ്‌ഫോടക ശേഷിയുള്ള വെടിമരുന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും ജൂലായ് 12ന് കണ്ടെത്തിയ വെളുത്ത പൊടി വന്‍ സ്‌ഫോടക ശേഷിയുള്ള വെടിമരുന്നാണെന്ന് കണ്ടെത്തല്‍.

പെന്റാ എറിത്രിറ്റോള്‍ ടെട്രാ നൈട്രേറ്റ് (പിഇടിഎന്‍) എന്ന രാസവസ്തുവാണ് ഇതെന്ന്‌ പരിശോധനയില്‍ വ്യക്തമായി.

പ്ലാസ്റ്റിക് സ്‌ഫോടകവസ്തുവായ ഇത് മെറ്റല്‍ ഡറ്റക്ടര്‍ പരിശോധനകളില്‍ പോലും കണ്ടെത്താന്‍ സാധിക്കാത്തവയാണെന്നും 100 ഗ്രാം സ്‌ഫോടകവസ്തു ഉപയോഗിച്ച് ഒരു കാര്‍ വരെ തകര്‍ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ അറിയിച്ചു.

പ്രതിപക്ഷനേതാവ് റാം ഗോപാല്‍ ചൗധരിയുടെ സീറ്റിനടുത്തു നിന്നും സുരക്ഷാ പരിശോധനക്കിടെ 60 ഗ്രാം വെളുത്ത പൊടി ഡോഗ് സ്‌ക്വാഡ് കണ്ടെത്തുകയായിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും എന്‍.ഐ.എ മുഖാന്തിരം കേസന്വേഷണം ആരംഭിക്കുമെന്നും അറിയിച്ചു.

നിയമസഭക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് മുഖ്യമന്ത്രി നിയമ സഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി രംഗത്തു വന്നു. നിയമ സഭ പോലും സുരക്ഷിതമല്ലെങ്കില്‍ പിന്നെ എങ്ങനെ ഉത്തര്‍പ്രദേശ് സുരക്ഷിതമാകുമെന്ന് പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ സീറ്റിനടില്‍ സ്‌ഫോടക വസ്തു കാണാമെങ്കില്‍ യുപിയിലെ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

Top