എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് റിതിക സൂരി ഇന്‍ഫോസിസ് വിടുന്നു

ബെംഗളൂരു: ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിതിക സൂരി രാജിവെച്ചു.

കമ്പനിയുടെ കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ്, ലയന ഏറ്റെടുക്കല്‍ വിഭാഗത്തിന്റെ ചുമതലയാണ് റിതിക സൂരി വഹിച്ചിരുന്നത്. സിഇഒ വിശാല്‍ സിക്കയോടൊപ്പം സാപ്പില്‍ (എസ്എപി) നിന്നുമാണ് റിതിക ഇന്‍ഫോസിസിലെത്തിയത്.

സാപ്പില്‍ നിന്നും ഇന്‍ഫോസിസിലേക്കെത്തിയ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാള്‍ കൂടിയായിരുന്നു റിതിക സൂരി. 2017 സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ഏകദേശം 5.1 കോടി രൂപയിലധികം തുക അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇസ്രായേലി ഓട്ടോമേഷന്‍ കമ്പനിയായ ‘പനയ’യുടെ ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയത് റിതികയാണ്. 500 മില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ ഫണ്ട് രൂപീകരിക്കുന്നതിലും റിതിക സൂരി ഇന്‍ഫോസിസില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പനയ ഏറ്റെടുക്കല്‍ പിന്നീട് വിവാദമായിരുന്നു. വെഞ്ച്വര്‍ ഫണ്ട് വഴി നടത്തിയ നിക്ഷേപത്തില്‍ ഏകദേശം 45 മില്യണ്‍ ഡോളര്‍ കമ്പനി എഴുതിതള്ളുകയും ചെയ്തിട്ടുണ്ട്.

പനയ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘സ്‌കാവ’ ഏറ്റെടുത്തതിലുമുള്ള അഴിമതി ആരോപണങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം പൂര്‍ത്തിയാക്കിയതായി ഇന്‍ഫോസിസ് അറിയിച്ചതിനു ശേഷമാണ് റിതിക സൂരിയുടെ രാജി.

ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫോസിസിനയച്ച ഇമെയ്ല്‍ സന്ദേശത്തിന് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top