മദനിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതെന്ന് രാഹുല്‍ ഈശ്വര്‍ . . . !

കൊച്ചി: അബ്ദുള്‍ നാസര്‍ മദനിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലന്നും ഫിലോസഫി ഗവേഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍.

Express Kerala-യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മദനിക്കെതിരായ കേസുകള്‍ അതിന്റെ വഴിക്ക് നടക്കട്ടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടും തനിക്ക് യോജിപ്പില്ല, എന്നാല്‍ അദ്ദേഹത്തില്‍ ഇപ്പോള്‍ സംഭവിച്ച മാറ്റം കണ്ണു തുറന്ന് കാണുക തന്നെ വേണം. നിലപാട് വ്യക്തമാക്കി രാഹുല്‍ പറഞ്ഞു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌നേഹത്തോടെ ആശയപരമായി വിയോജിക്കാനാണ് ശ്രമിക്കേണ്ടത്.

മദനിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം ‘പരസ്പരം സംസാരിച്ചാല്‍ അല്ലേ അകലങ്ങള്‍ കുറയുകയുള്ളൂ’ എന്നാണ്.

madani

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും ഇതൊക്കെ തന്നെയാണ്. പരസ്പരം ആക്രമിച്ചതു കൊണ്ടോ തീവ്രവാദത്തിലൂടെയോ ഒരു രാജ്യത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സ്‌നേഹത്തോടെ മാത്രമേ അതിന് സാധ്യമാകൂ എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഗോ രക്ഷകര്‍ ചമഞ്ഞ് ആളുകളെ തല്ലിക്കൊല്ലുന്നതിനെതിരെ മോദി പ്രതികരിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ തന്റെ ജീവിതത്തിലെ പോസറ്റീവ് ശക്തിയായിരുന്നു എന്നും മദനി കൂടിക്കാഴ്ചയില്‍ പറഞ്ഞതായും രാഹുല്‍ വ്യക്തമാക്കി.

അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ഇടപെട്ടത് നൂറ് ശതമാനവും സത്യസന്ധതയോടും നിഷ്പക്ഷതയോടും കൂടിയാണെന്നതിന്റെ തെളിവാണ് ഇതുസംബന്ധമായി പിന്നീട് ഉയര്‍ന്നു വന്ന എതിര്‍പ്പുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഖില, അവരുടെ അമ്മ, അച്ഛന്‍ എന്നിവരുടെ കാഴ്ചപാട് പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചത് എല്ലാ അനുമതിയും വാങ്ങി എഡിറ്റ് ചെയ്യാതെയാണ്.

അതിലൂടെ മൂന്ന് പേരുടെയും വിഷമങ്ങള്‍ സമൂഹത്തിന് മുന്നില്‍ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വസിക്കുന്നത്.

rahul 1

എന്നാല്‍ ഇരുവിഭാഗങ്ങളിലെയും തീവ്ര വിഭാഗക്കാര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ഭീഷണിയും അപവാദ പ്രചരണവും നടത്താനാണ് തുനിഞ്ഞത്. ഇത് ദൗര്‍ഭാഗ്യകരമാണ്.

അഖിലയുടെ വീഡിയോ തീവ്ര ഹിന്ദു വിഭാഗക്കാരെയും മാതാപിതാക്കളുടെ പ്രതികരണം മുസ്ലീം തീവ്രവാദികളെയുമാണ് പ്രകോപിപ്പിച്ചത്.

ഇത്തരക്കാര്‍ പൊതു സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ്.

എന്തിനാണ് ഇത്ര പ്രകോപനം ? മൂന്ന് പേര്‍ക്കും പറയാനുള്ളതല്ലേ പുറത്തുവന്നത് ? പിന്നെ എന്തിനു ഭയക്കണം ? രാഹുല്‍ ചോദിച്ചു.

എല്ലാ സമുദായത്തിലും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലും മിതവാദികള്‍ മുന്നോട്ട് വരേണ്ടത് സോഷ്യല്‍ മീഡിയയുടെ പുതിയ കാലഘട്ടത്തില്‍ അനിവാര്യമാണ്.

ഇപ്പോള്‍ തീവ്ര സ്വരക്കാരാണ് മുഖ്യധാരാ സംഭാഷണങ്ങളില്‍ പോലും മേധാവിത്വം നേടുന്നത്. ഇത് അപകട സിഗ്‌നലാണ്. ഇനിയും അതിന് അനുവദിച്ച് കൊടുത്താല്‍ നാടിന് തന്നെ ആപത്തായി മാറും രാഹുല്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട് : എം.വിനോദ്‌

Top