ഒരു വ്യക്തിയല്ല പൊലീസ് സേന, സർക്കാറിന്റെ നയമാണ് ഇവിടെ നടപ്പിലാക്കേണ്ടത് : തച്ചങ്കരി

തിരുവനന്തപുരം: ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകള്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. ഇതിന് പദവി ഒരു ഘടകമേയല്ലന്നും ആദ്ദേഹം പറഞ്ഞു.

പൊലീസ് ആസ്ഥാനത്തെ ‘പൊട്ടിത്തെറി’ സംബന്ധമായി പുറത്ത് വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ Express kerala-യുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിജിപി.

ഒരു വ്യക്തിയല്ല ഒരു സേന, രാജ്യത്ത് തന്നെ മികവ് തെളിയിച്ച കെട്ടുറപ്പുള്ള സേനയാണിത്. പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ടമാക്കുന്ന ഒരു പ്രവര്‍ത്തിയും ഇതുവരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലന്നും തച്ചങ്കരി പറഞ്ഞു.

സംസ്ഥാന പൊലീസില്‍ ഒരു ഭിന്നതയുമില്ല. സേന ഒറ്റക്കെട്ടാണ്. ഓഫീസര്‍മാര്‍ വരും പോകും പക്ഷേ ഈ സിസ്റ്റം ഒരു തകരാറുമില്ലാതെ ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്യും.

എല്ലാ മേഖലയിലും തെറ്റുകള്‍ സംഭവിക്കുന്ന പോലെ പൊലീസിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. അത് തിരുത്താനും തിരുത്തിക്കാനുമാണല്ലോ സര്‍ക്കാറുള്ളത്, തച്ചങ്കരി ചൂണ്ടിക്കാട്ടി.

പൊലീസില്‍ ഒരു ഏറ്റുമുട്ടലും ഇല്ല. അച്ചടക്കമുള്ള ഒരു സേനയാണിത്. പൊലീസിന് സ്വാതന്ത്ര്യവും അതോടൊപ്പം ആത്മവിശ്വാസവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ജാതി-മത-രാഷ്ട്രീയപക്ഷഭേദമന്യേ എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കുക എന്നതാണ് പൊലീസിന്റെ നയം. അത് കൃത്യമായി ഇപ്പോള്‍ പൊലീസ് സേന ചെയ്യുന്നുണ്ട്.

പൊലീസ് ആസ്ഥാനത്ത് ഒരു ഫയലും കെട്ടികിടക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇവിടെ ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം മാതൃകാപരമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനും ഉത്തരവിറക്കേണ്ടതില്ലന്ന് കഴിഞ്ഞ ദിവസം ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ട പശ്ചാത്തലത്തില്‍കൂടിയാണ് തച്ചങ്കരിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Top