മഹാഭാരതം പേര് ഇടേണ്ടന്ന് പറയാന്‍ പാടില്ല, ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടിവിടെ രാഹുല്‍..

കൊച്ചി: മഹാഭാരതം സിനിമയെ പിന്തുണച്ച് ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്ത്.

എം ടിയുടെ രണ്ടാമൂഴം മഹാഭാരതമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ആര്‍എസ്എസിലെ പ്രബല വിഭാഗവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ കെ പി ശശികലയും രംഗത്ത് വന്നിരിക്കെയാണ് സിനിമയെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ നിലപാട് വ്യക്തമാക്കിയത്‌.

ഇപ്പോള്‍ നടക്കുന്നത് ആശയസംവാദമാണെന്നും ഇതിന് മോഹന്‍ലാലും സംവിധായകന്‍ ശ്രീകമാറും വിശദീകരണം നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ express Kerala-യോട് പറഞ്ഞു.

മഹാഭാരതം കേരളത്തിന്റെ അഭിമാന ചിത്രമായി അറിയപ്പെടുമെന്നാണ് പ്രതീക്ഷ. യഥാര്‍ത്ഥ മഹാഭാരതത്തെയും രണ്ടാമൂഴത്തെയും പരസ്പരം കോര്‍ത്തിണക്കി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

വ്യാസന്റെ മഹാഭാരതമല്ല, എം ടിയുടെ രണ്ടാമൂഴം. സിനിമക്ക് ഏത് പേര് നല്‍കണമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ളതാണ്. മഹാഭാരത പേര് വേണ്ട എന്നു പറയുന്ന ഭാഷയോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണമെന്നില്ല.

എന്നാല്‍ നിലവിലുള്ള മഹാഭാരത സങ്കല്‍പ്പത്തിന് കടകവിരുദ്ധമാകരുത് രണ്ടാമൂഴം എന്നത് പൊതുവികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാമൂഴം മഹാഭാരതമെന്ന പേരിലിറക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ആശങ്കകള്‍ ദുരീകരിക്കേണ്ടതുണ്ട്. അതിന് അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ആയിരം കോടി മുതല്‍ മുടക്കി ബി ആര്‍ ഷെട്ടിയെ പോലെയുള്ള ഒരു നിര്‍മ്മാതാവ് രംഗത്ത് വരുന്നതോടെ മലയാള സിനിമയും ഇന്ത്യന്‍ ചരിത്രവുമാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. അതു കൊണ്ട് തന്നെ ചരിത്രപരമായിട്ടാണ് താന്‍ ഈ സിനിമയുടെ വരവിനെ കാണുന്നത്.

ബാഹുബലിയുടെ മുകളില്‍ നില്‍ക്കുന്ന സിനിമയായിരിക്കും മഹാഭാരതമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Top