നന്ദികേട് കാട്ടിയ ‘അമ്മ’യോട് വിട പറഞ്ഞ് ദിലീപ്, തിരിച്ചെടുത്താലും ഇനി സഹകരണമില്ല

കൊച്ചി: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലും ഇനി താര സംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപുണ്ടാകില്ല.

ജയിലില്‍ തന്നെ കണ്ട അടുപ്പക്കാര്‍ക്ക് മുന്നില്‍ വ്യക്തമായ സൂചന നല്‍കിയ നടന്‍ അടുത്തയിടെ മാത്രം രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടനയും നിര്‍മാതാക്കളുടെ സംഘടനയും കാണിച്ച മാന്യത പോലും അമ്മ കാണിച്ചില്ലെന്ന വികാരത്തിലാണത്രെ.

വിചാരണ കോടതി വിധി പറയും മുന്‍പ് സ്വന്തം സംഘടന തന്നെ പുറത്താക്കിയത് കേസ് സംബന്ധമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കുന്നതിന് സഹായകരമായിപോയി എന്നതാണ് കുറ്റപ്പെടുത്തല്‍.

അത് കൊണ്ടു തന്നെ ഇനി മേലില്‍ താരസംഘടനയോട് സഹകരിക്കില്ലന്നതാണ് ദിലീപിന്റെ നിലപാടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയോ സസ്‌പെന്‍ഷന്‍ പോലുമോ നല്‍കാതെ ഒറ്റയടിക്ക് പുറത്താക്കിയത് നടന്‍ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നീ മൂന്ന് പേരുടെ നിലപാട് മൂലമാണെന്ന് പറഞ്ഞത് കൊണ്ടു മാത്രം കാര്യമില്ലെന്നും മൂവര്‍ സംഘത്തിന് ‘ഹൈജാക്ക്’ ചെയ്യാന്‍ സംഘടന നിന്നു കൊടുത്തത് ശരിയായില്ലന്നും ദിലീപിനെ അനുകൂലിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

അമ്മക്ക് സിനിമാലോകത്ത് ഏറെ അംഗീകാരം കിട്ടിയ ‘കൈനീട്ടം’ പദ്ധതിക്ക് ഫണ്ട് ലഭിച്ചത് പോലും ദിലീപ് മുന്‍കൈ എടുത്ത് നിര്‍മ്മിച്ച ട്വന്റി ട്വന്റി (Twenty:20) സിനിമയിലൂടെയാണ് എന്നത് മറന്ന് കൊണ്ട് ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തിയാണെന്നാണ് ആരോപണം.

ആക്രമിക്കപ്പെട്ട നടി പോലും ദിലീപിനെതിരെ ആക്ഷേപമുന്നയിക്കാത്തതും ശത്രുത ഇല്ലെന്ന് പറഞ്ഞതും അവര്‍ എടുത്ത് കാട്ടുന്നു.

തിയറ്റര്‍ ഉടമകള്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ സിനിമാ മേഖല സ്തംഭിപ്പിച്ചപ്പോള്‍ തിയറ്റര്‍ ഉടമകളുടെ സമാന്തര സംഘടനയുണ്ടാക്കി നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കും ആശ്വാസമേകിയതും ആരും മറന്നു പോകരുത്.

സത്യം പുറത്ത് വരുമ്പോള്‍ ഈ പാപം തീര്‍ക്കാന്‍ ‘അമ്മയുടെ കണ്ണുനീരിന് ‘ പോലും കഴിയില്ലന്നും ദിലീപ് വിഭാഗം ഓര്‍മ്മിപ്പിക്കുന്നു.

ഇതിനിടെ അമ്മയുടെ നിലവിലെ എല്ലാ ഭാരവാഹികളും രാജി വയ്ക്കാനുള്ള ആലോചനയും അണിയറയില്‍ വീണ്ടും സജീവമായതായി സൂചനകളുണ്ട്.

അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭാരവാഹികള്‍ എല്ലാവരും മാറി നില്‍ക്കാനാണ് ആലോചന.

യുവതലമുറ ഇനി കാര്യങ്ങള്‍ നടത്തട്ടെ എന്നതാണ് സൂപ്പര്‍ താരങ്ങളുടെ നിലപാട്.

നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ‘വിമതര്‍ക്കെതിരെ’ ഇതോടെ താരങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

ആരായാലും പാളയത്തില്‍ പട നയിച്ചവര്‍ തലപ്പത്ത് വരാന്‍ സമ്മതിക്കില്ലന്നതാണ് ഭൂരിപക്ഷ താരങ്ങളുടെയും നിലപാട്.

ദിലീപ് അമ്മക്ക് ‘ബദല്‍’ ഒരു സംഘടന രൂപീകരിച്ചാല്‍ അതിനോട് സഹകരിക്കുമെന്ന നിലപാടും ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ ശക്തമായി ഉയരുന്നുണ്ട്.

സിനിമ മേഖലയെ കുത്തകയാക്കി നിയന്ത്രിച്ചിരുന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയെ തവിടുപൊടിയാക്കിയ ദിലീപ് വിചാരിച്ചാല്‍ ‘അമ്മ’യെ വിട്ട് ‘മക്കള്‍’ കൂട്ടത്തോടെ പടിയിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ലന്നാണ് സിനിമാ രംഗത്തെ സീനിയർ പ്രവർത്തകർ പറയുന്നത്

റിപ്പോര്‍ട്ട് : പി. അബ്ദുള്‍ ലത്തീഫ്‌

Top