റേഞ്ചില്‍ ഡി.ഐ.ജിമാര്‍, സോണലില്‍ ഐ.ജി, അടിമുടി മാറാന്‍ കേരള പൊലീസ് . .

state police

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു. റേഞ്ചിലും സോണലിലും ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ വരുത്തി ഉദ്യോഗസ്ഥരെ പ്രതിഷ്ടിക്കാനാണ് നീക്കം.

നിലവില്‍ സംസ്ഥാനത്ത് നാല് പൊലീസ് റെയ്ഞ്ചുകളാണ് ഉള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവയാണിത്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍ റേഞ്ചുകളില്‍ 3 ജില്ലകളും മറ്റുരണ്ടിടങ്ങളില്‍ 4 ജില്ലകള്‍ വീതവുമാണ് പരിധിയില്‍ വരുന്നത്.

മാവോയിസ്റ്റ് സാന്നിധ്യ ജില്ലകളായ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളെ ചേര്‍ത്ത് പുതിയ ഒരു റേഞ്ച് കൂടി രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതാടെ റേഞ്ചുകളുടെ എണ്ണം 5 ആകും.

കോഴിക്കോട് കമ്മീഷണര്‍ തസ്തിക ഡി.ഐ.ജി റാങ്കിലാക്കി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കമ്മീഷണര്‍മാരുടെ റിപ്പോര്‍ട്ടിങ്ങ് ഉദ്യാഗസ്ഥന്‍ ഐ.ജിയെ ആക്കിയേക്കും.

നോര്‍ത്ത്, സൗത്ത് സോണുകളില്‍ നോര്‍ത്ത് സോണില്‍ എ.ഡി..ജി.പിക്ക് പകരം ഡി.ജി.പി തസ്തികയിലുള്ള ഉദ്യാഗസ്ഥനാണ് ഇപ്പോള്‍ ചുമതലയില്‍ ഇരിക്കുന്നത്. ഈ രണ്ട് സോണുകളിലും ഐ.ജി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനാണ് നീക്കം. ക്രമസമാധാന ചുമതലയില്‍ ഒറ്റ എ.ഡി.ജി.പി മതിയെന്നാണ് ശുപാര്‍ശ.

നിലവിലെ രീതി മാറ്റി റെയ്ഞ്ചുകളില്‍ ഡി.ഐ.ജിമാരെ നിയമിക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.

ഇതു സംബന്ധമായ ശുപാര്‍ശകള്‍ മുഖ്യമന്ത്രി അംഗീകരിച്ചാല്‍ നിയമസഭ അവസാനിച്ചതിനു ശേഷം ഏപ്രിലില്‍ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. ഇതാടൊപ്പം ചില ജില്ലകളില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണിക്കും സാധ്യതയുണ്ട്.

മാറ്റം മുന്നില്‍ കണ്ട് പ്രമോട്ടി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്.

നേരിട്ട് ഐ.പി.എസ് നേടിയ യുവ ഐ.പി.എസുകാരാകട്ടെ സര്‍ക്കാര്‍ പരിഗണനയില്ലങ്കില്‍ ഡെപ്യൂട്ടേഷന് പോകാനുള്ള മാനസികാവസ്ഥയിലുമാണ്.

റിപ്പോര്‍ട്ട്: എം വിനോദ്

Top