അസ്താനയുമെത്തി, ടി.പി സെൻകുമാറിന്റെ പിൻഗാമിയെ ചൊല്ലി സി.പി.എമ്മിലും തർക്കം!

തിരുവനന്തപുരം: ജൂണ്‍ 30ന് ടിപി സെന്‍കുമാര്‍ വിരമിക്കാനിരിക്കെ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ സംബന്ധിച്ച ആലോചന സിപിഎമ്മിലും ശക്തമാകുന്നു.

സീനിയോററ്റി പ്രകാരം നിയമനം നല്‍കുന്നതാണ് ഉചിതമെന്ന നിലപാടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, ബഹ്‌റക്ക് തന്നെ വീണ്ടുമൊരു അവസരം നല്‍കുമോ എന്നാണ് പൊലീസ് സേനയെ പോലെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.

നിലവിലെ പുസ്തക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജേക്കബ് തോമസിനെയും പെയിന്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റയെയും പൊലീസ് മേധാവിയാക്കരുതെന്നാണ് സിപിഎം നേതൃത്ത്വത്തിലെ പ്രബല വിഭാഗം ആഗ്രഹിക്കുന്നത്.

പൊലീസ് ഭരണം മോശമായതും ചീത്തപ്പേര് ഉണ്ടാക്കിയതും ബഹ്‌റയുടെ കാലത്തായതിനാല്‍ ഒരു കാരണവശാലും വീണ്ടുമൊരു പരീക്ഷണത്തിന് മുതിരരുത് എന്നതാണ് പാര്‍ട്ടി നിലപാട്.

വിജിലന്‍സ് ഡയറക്ടറായിരിക്കെ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ച ജേക്കബ് തോമസ് പുസ്തക വിവാദത്തില്‍ ചട്ടലംഘനം നടത്തിയതായി ചീഫ് സെക്രട്ടറി തന്നെ കണ്ടെത്തിയ സ്ഥിതിക്ക് പൊലീസ് മേധാവിയല്ല, വിജിലന്‍സ് ഡയറക്ടര്‍ പോലും ആക്കരുതെന്നാണ് സിപിഎം നേതൃത്ത്വത്തിലെ പ്രബലവിഭാഗത്തിന്റെ നിലപാട്.

86 ബാച്ച് കാരനായ ഫയര്‍ഫോഴ്‌സ് മേധാവിയും മലയാളിയുമായ ഹേമചന്ദ്രനെ പൊലീസ് മേധാവിയാക്കണമെന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവരുടെ താല്‍പര്യം.

എന്നാല്‍ 86 ബാച്ചിലെ തന്നെ സീനിയറായ എം സി അസ്താന ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഹേമചന്ദ്രന് തിരിച്ചടിയാണ്.

ജേക്കബ് തോമസിന് ‘സുരക്ഷിത ‘ താവളമൊരുക്കിയാല്‍ അസ്താനയെ പൊലീസ് മേധാവിയാക്കാന്‍ കഴിയും.നിലവില്‍ ഡല്‍ഹി കേരള ഹൗസിലെ അഡീഷണല്‍ റസിഡന്‍ഷ്യല്‍ കമ്മീഷണറാണ് അദ്ദേഹം.

ഇപ്പോള്‍ അമേരിക്കയിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) തിരിച്ചു വരികയാണെങ്കില്‍ സെന്‍കുമാര്‍ കഴിഞ്ഞാല്‍ അടുത്ത സീനിയര്‍ ഐപിഎസുകാരന്‍ അദ്ദേഹമായിരിക്കും.

അങ്ങനെയെങ്കില്‍ അരുണ്‍കുമാര്‍ സിന്‍ഹ (സീനിയറിന്) നറുക്ക് വീഴും. അല്ലാത്തപക്ഷം ജേക്കബ് തോമസ്, ബഹ്‌റ, ഋഷിരാജ് സിംഗ് എന്നിവരെ പരിഗണിക്കുന്നില്ലങ്കില്‍ അസ്താനക്കായിരിക്കും സാധ്യത കല്‍പ്പിക്കപ്പെടുക.

കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നത് രണ്ട് കേഡര്‍ ഡി ജി പി തസ്തികയും രണ്ട് എക്‌സ് കേഡര്‍ തസ്തികയുമാണ്.

സെന്‍കുമാറിന്റെ റിട്ടയര്‍മെന്റോടെ അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) മടങ്ങി വന്നില്ലങ്കില്‍ സീനിയോറ്റി പ്രകാരം നോക്കുകയാണെങ്കില്‍ ജേക്കബ് തോമസിനും ലോക് നാഥ് ബഹ്‌റക്കുമാണ് അര്‍ഹത.

സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ തസ്തികകളാണ് കേന്ദ്രം കേഡര്‍ തസ്തികയായി അംഗീകരിച്ചിട്ടുള്ളത്.

മുന്‍പ് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയപ്പോള്‍ കേന്ദ്രം അംഗീകരിച്ചിരുന്നില്ല.

എകസ് കേഡര്‍ തസ്തികയില്‍ സ്വാഭാവികമായും ഇനി ഋഷിരാജ് സിംങ്ങും അസ്താനയുമാണ് വരിക.

എക്‌സ് കേഡര്‍ തസ്തികയില്‍പ്പെട്ട അസ്താനയെ കേഡര്‍ തസ്തികയായ പൊലീസ് മേധാവി സ്ഥാനത്ത് പ്രതിഷ്ടിക്കുന്നതില്‍ കേന്ദ്രം ഉടക്കിയില്ലെങ്കില്‍ പോലും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.

അധികാരമേറ്റ ഉടനെ ബഹ്‌റയേക്കാള്‍ സീനിയറായ ജേക്കബ് തോമസിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായിക്ക് താല്‍പര്യമുണ്ടായിരുന്നതെങ്കിലും ഫോഴ്‌സില്‍ ഭിന്നതയുണ്ടാവുമെന്ന കോടിയേരിയുടെ കൂടി അഭിപ്രായം മാനിച്ചാണ് നിയമനം നല്‍കാതിരുന്നത്.

ഇപ്പോഴും മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിനോട് താല്‍പര്യ കുറവൊന്നുമില്ല. കോടിയേരിക്കാവട്ടെ ബഹ്‌റയോട്‌ വലിയ താല്‍പര്യവുമില്ല.

പാര്‍ട്ടി താല്‍പര്യപ്രകാരമാണ് പൊലീസ് മേധാവിയുടെ നിയമനമെങ്കില്‍ ഈ രണ്ട് പേര്‍ക്കും സാധ്യത കുറവാണ്.

മലയാളികളല്ലങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) ആയാലും അസ്താന ആയാലും ഭരണ വിഭാഗം എഡിജിപി ടോമിന്‍ തച്ചങ്കരിയെ മുന്‍നിര്‍ത്തി പൊലീസ് ഭരണം കൊണ്ടുപോകാമെന്നതിനാല്‍ ഈ സാധ്യതയ്ക്കാണ് മുന്‍തൂക്കം.

ഇനി ഒരു വര്‍ഷത്തോളം സര്‍വ്വീസ് അവശേഷിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) ജൂണ്‍ 30ന് മുന്‍പ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന് സാധ്യതയുണ്ടാകൂ.അസ്താനക്കാവട്ടെ രണ്ട് വര്‍ഷത്തിലധികം സര്‍വീസ് ബാക്കിയുമുണ്ട്.

Top