ദിനേന്ദ്ര കാശ്യപിനെ പ്രത്യേകം കക്ഷിയാക്കി ഹൈക്കോടതിയെ സമീപിക്കാനും നീക്കം ! !

20117572_1974919042743960_399520751_n

കൊച്ചി: പ്രതിയായി പൊലീസ് ചോദ്യം ചെയ്യലിന് വിധേയനായിട്ടും ദിലീപ് ഇതുവരെ കുറ്റം സമ്മതിക്കാത്തത് പൊലീസിന് കടുത്ത വെല്ലുവിളിയാകുന്നു.

കൊടും ക്രിമിനലുകളെ പോലും ‘വിറപ്പിച്ചും ‘ ദേഹത്ത് കൈവയ്ക്കാതെ തന്നെ നിരവധി പ്രമുഖരായ കുറ്റവാളികളെ കൊണ്ട് ശാസ്ത്രീയമായി തന്നെ ‘സത്യം’ പറയിപ്പിക്കുകയും ചെയ്ത വിദഗ്ദന്‍മാര്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടും ദിലീപില്‍ നിന്നും പ്രതീക്ഷിച്ച മറുപടി അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

പൊലീസ് കസ്റ്റഡി അവസാനിച്ച് ജയിലിലടച്ചതിനാല്‍ ഇനി മതിയായ കാരണമില്ലാതെ പ്രതിയെ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കുകയുമില്ല.

ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്നടക്കം പ്രമുഖരെ രംഗത്തിറക്കി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് തന്നെ റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ് ഭയക്കുന്നുണ്ട്.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനും അണിയറയില്‍ ആലോചന ശക്തമാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ട് പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘമിപ്പോള്‍.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ഇവരില്‍ ആരെയെങ്കിലും മാപ്പ് സാക്ഷിയാക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്.

രണ്ട് പേരെയും ഇതുവരെ കണ്ടെത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൊലീസ് പരക്കം പായുകയാണ്.

ഇതിനിടെ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴും ലഭിക്കാത്ത ദിലീപിന്റെ രണ്ട് മൊബൈല്‍ ഫോണും പ്രതിഭാഗം തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതും അന്വേഷണ സംഘത്തിന് ക്ഷീണമായി.

ഫോണുകളില്‍ പൊലീസ് ക്രിത്രിമം കാണിക്കാതെയിരിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ തന്ത്രപരമായ ഈ നടപടി.

കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വിഭിന്നമായി വലിയ ഒരു ആത്മവിശ്വാസം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിലീപിന്റെ മുഖത്തുണ്ടായിരുന്നു.

വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടു വരുമ്പോഴും തിരികെ കൊണ്ടു പോകുമ്പോഴും സ്ത്രീകള്‍ അടക്കമുള്ളവര്‍ കൈ വീശിയപ്പോള്‍ തിരിച്ച് പുഞ്ചിരിയോടെ കൈവീശികാണിക്കാന്‍ ദിലീപ് മറന്നില്ല.

ഈ പുഞ്ചിരിയും ആത്മവിശ്വാസവും ദിലീപിന്റെ ആരാധകര്‍ക്ക് ആവേശമാകുമ്പോള്‍ മറ്റ് ‘ചിലരുടെ’ ചങ്കിടിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

സോഷ്യല്‍ മീഡിയകളില്‍ ദിലീപിന് അനുകൂലമായ പ്രചരണങ്ങള്‍ ഉയരുന്നത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിലൂടെ ദിലീപിന് ജനപിന്തുണ ഇപ്പോഴും ഉണ്ടെന്ന് പരസ്യമായി അംഗീകരിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തതെന്നാണ് പ്രമുഖ അഭിഭാഷകര്‍ പോലും ചൂണ്ടിക്കാട്ടുന്നത്.

ദിലീപിന് വേണ്ടി ഏത് ഉന്നതനായ അഭിഭാഷകനാണ് ഹൈക്കോടതിയിലെത്തുന്നത് എന്ന കാര്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ലങ്കിലും എന്ത് കൊണ്ടാണ് അന്വേഷണ സംഘതലവന്‍ ദിനേന്ദ്രകാശ്യപ്, ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോഴും തുടര്‍ന്ന് ചോദ്യം ചെയ്യുമ്പോഴും രംഗത്ത് ഉണ്ടാവാതിരുന്നത് എന്നത് ഗൗരവമായി തന്നെ പ്രതിഭാഗം കാണുന്നുണ്ട്.

അന്വേഷണ സംഘതലവനില്ലാതെ മുന്നോട്ട് പോകരുതെന്ന് മുന്‍ ഡിജിപി ഉത്തരവിട്ടിട്ടും എഡിജിപി സന്ധ്യ തന്നെയാണ് വീണ്ടും ദിലീപിനെ ചോദ്യം ചെയ്തിരുന്നത്.

അന്വേഷണ സംഘതലവനില്ലാതെ നടന്ന അറസ്റ്റില്‍ ദിനേന്ദ്ര കാശ്യപിനെ കൂടി പ്രത്യേകം കക്ഷിയാക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്ന കാര്യവും പ്രതിഭാഗം ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

പൊലീസ് സേനയില്‍ നിഷ്പക്ഷനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായിട്ടാണ് ദിനേന്ദ്ര കാശ്യപ് അറിയപ്പെടുന്നത്.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം ക്യത്യമായി മാധ്യമങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകലം പാലിക്കുന്ന ഉദ്യോഗസ്ഥനാണ്. സിബിഐയിലും ഐബിയിലും മുന്‍പ് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

റിപ്പോര്‍ട്ട് : എം വിനോദ്Related posts

Back to top