ദിലീപ് നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന രേഖ !

IMG-20170714-WA016

കൊച്ചി: ദിലീപ് ഇന്നുവരെ പുറത്തു പറയാത്ത . . കുടുംബകോടതിയുടെ രഹസ്യ ഫയലില്‍ മാത്രം ഉറങ്ങുന്ന . . ആ ‘രഹസ്യങ്ങള്‍’ പൊലീസിന്റെ ഉറക്കം കെടുത്തുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപിനെതിരായ കേസിന്റെ വിചാരണ വേളയില്‍ ഏറെ നിര്‍ണ്ണായകമാവുക എറണാകുളം കുടുംബ കോടതിയില്‍ ദിലീപ് ഫയല്‍ ചെയ്ത വിവാഹ മോചന ഹര്‍ജിയായിരിക്കും.

ഈ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ച സുപ്രധാന രേഖയില്‍ 98ല്‍ നടന്ന വിവാഹം മുതല്‍ അഞ്ച് വര്‍ഷം മുന്‍പ് വരെ നീണ്ടു നിന്ന വൈവാഹിക ജീവിതത്തിലെ എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഇതില്‍ വിവാഹമോചനത്തിന് വഴിവെച്ച യഥാര്‍ത്ഥ കാരണമെന്താണെന്നും വില്ലന്‍മാര്‍ ആരൊക്കെയാണെന്നും വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്.

ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാത്രമല്ല, മഞ്ജു വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലും കാവ്യാ മാധവനുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം പോലും ഇല്ലെന്നാണ് സൂചന.

ദിലീപും കാവ്യ മാധവനും അടുത്തിടപഴകുന്നത് ആക്രമിക്കപ്പെട്ട നടി കാണുകയും അത് മഞ്ജുവിനെ അറിയിച്ചത് മൂലം കുടുംബ ജീവിതം തകര്‍ന്നതിലുള്ള പകയാണ് 2013 ലെ ഗൂഢാലോചനയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വാദം.

എന്നാല്‍ ഗൂഢാലോചന നടന്നു എന്ന് പറയുന്ന സമയത്ത് പോലും മഞ്ജു ദിലീപിനൊപ്പമായിരുന്നു എന്ന വാദം വിചാരണാ കോടതിക്ക് പരിശോധിക്കേണ്ടി വരുമെന്നാണ്‌ നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമായ കാരണവും വില്ലന്‍മാരെയും എടുത്ത് പറഞ്ഞതിനാല്‍ ഇക്കാര്യവും കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കാനാണ് സാധ്യത.

വിവാഹമോചനത്തിലും മഞ്ജുവിനെ ‘സെയ്ഫ് ‘ ആക്കുന്നതിനു വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ അപേക്ഷിച്ചതും ദിലീപ് തന്നെയാണ്.

ഒരുപക്ഷേ അന്ന് ഈ കാരണങ്ങള്‍ പുറത്തു വന്നിരുന്നുവെങ്കില്‍ ഇന്ന് ദിലീപിന്റെ കുടുംബം തകര്‍ത്തതിലുള്ള വിരോധമാണ് ഗൂഢാലോചനക്ക് കാരണമെന്ന് ഒരിക്കലും പൊലീസിന് ആരോപിക്കാന്‍ സാധിക്കുമായിരുന്നില്ല.

നീണ്ട അനുനയ ചര്‍ച്ചകള്‍ക്കും വാദത്തിനും ശേഷം 2015 ലാണ് കോടതിയുടെ അനുമതിയോടെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേര്‍പെടുത്തിയത്.

മകളുടെ ഭാവി ഓര്‍ത്താണ് താന്‍ ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നതെന്നും എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ പുറത്ത് പറയേണ്ടി വരുമെന്നും മനോരമ ഓണ്‍ലൈനിന് അടുത്തയിടെ അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.

വിവാഹമോചനത്തിന് കാരണം കാവ്യ ആയിരുന്നുവെങ്കില്‍ താന്‍ ഒരിക്കലും അവരെ വിവാഹം കഴിക്കില്ലായിരുന്നുവെന്നും ദിലീപ് അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ വിവാഹ മോചനത്തിന് കാരണമായ യഥാര്‍ത്ഥ കാരണം ജയിലില്‍ നിന്നും പുറത്തു വന്നാല്‍ ദിലീപ് പരസ്യപ്പെടുത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ദിലീപുമായി വസ്തു ഇടപാടുകളോ വ്യക്തി വൈരാഗ്യമോ ഇല്ലന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് അന്വേഷണ സംഘത്തിന് കനത്ത പ്രഹരമായിരുന്നു.

നടന്റെ പേര് താന്‍ എവിടെയും ആരോടും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ നടി അദ്ദേഹം കുറ്റക്കാരനല്ലെങ്കില്‍ അത് എത്രയും പെട്ടെന്ന് തെളിയണമെന്നും ആവശ്യപ്പെട്ടിരുന്നു.

നടിയുടെ ഈ നിലപാടും കുടുംബകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് സഹായകരമാകുമെന്ന് തന്നെയാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ ഊരിപ്പോയ സാഹചര്യം നിലനില്‍ക്കെ പരിഹാസ്യമായ തെളിവുകള്‍ നിരത്തിയാല്‍ അത് അന്വേഷണ സംഘം ‘വടി കൊടുത്ത് അടി വാങ്ങുന്നതിന് ‘ തുല്യമായിരിക്കുമെന്നും ഇവര്‍ പറയുന്നു.

ഈ കേസിന്റെ അന്തിമ ഫലം കോടികളുടെ മാനനഷ്ടകേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുരുങ്ങുന്നതായാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നത്.

(വീഡിയോ കടപ്പാട് : മനോരമ ന്യൂസ്‌)

ദിലീപിനെതിരെ കേസെടുത്ത നടപടിയുമായി ബന്ധപ്പെട്ട മാധ്യമ വിചാരണക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് മാരാരും കഴിഞ്ഞ ദിവസം ആഞ്ഞടിച്ച് രംഗത്ത് വന്നിരുന്നു.

റിപ്പോര്‍ട്ട് : എം വിനോദ്‌Related posts

Back to top