കോടതിയലക്ഷ്യക്കേസ്: ജസ്റ്റിസ് കര്‍ണന്‍ ബുധനാഴ്ച ജയില്‍ മോചിതനാകും

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ തടവില്‍ക്കഴിയുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി എസ് കര്‍ണന്‍ ബുധനാഴ്ച ജയില്‍ മോചിതനാകും. ദളിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്.

1983ല്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ച കര്‍ണന്‍ 2009ലാണ് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജ് ആയി നിയമിതനാകുന്നത്. 2016 മാര്‍ച്ച് 11ന് അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജായി സ്ഥലംമാറ്റുന്നു. ചീഫ്ജസ്റ്റിസടക്കമുള്ള ജഡ്ജുകള്‍ക്കെതിരായ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.

മേയ് ഒന്‍പതിനാണു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കര്‍ണനെ ശിക്ഷിച്ചത്.

ജൂണ്‍ 20നാണു സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു കര്‍ണനെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ ആയിരുന്നു ജസ്റ്റിസ് കര്‍ണനെ പാര്‍പ്പിച്ചിരുന്നത്. കേസില്‍ കര്‍ണന്റെ ആറു മാസ ശിക്ഷ കുറയ്ക്കാന്‍ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വിസമ്മതിച്ചിരുന്നു.

കോയമ്പത്തൂരില്‍നിന്നാണ് കൊല്‍ക്കത്ത പൊലീസ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തത്.വിധി പ്രഖ്യാപിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍നിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കര്‍ണന്‍. പിന്നീട് ഒളിവില്‍ പോയ അദ്ദേഹത്തെ കോയമ്പത്തൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സര്‍വകലാശാലയ്ക്കു സമീപത്തെ വീട്ടില്‍നിന്നാണു ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Top