എറണാകുളം-തിരുവനന്തപുരം കമ്മീഷണര്‍ തസ്തിക ഐ.ജി തസ്തികയാക്കാന്‍ നീക്കം

IG posts

തിരുവനന്തപുരം: പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട പൊലീസ് കമ്മീഷണറേറ്റ് ‘സങ്കല്‍പ്പം’ നടപ്പാക്കാന്‍ വീണ്ടും നീക്കം. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് പകരം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് ഐ.എ.എസുകാരുടെ എതിര്‍പ്പ് മറികടക്കാനാണ് ആലോചന.

ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റയുമാണ് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കുന്നത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ ഐ.പി.എസ് അസോസിയേഷന്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഐ.എ.എസ് അസോസിയേഷന്റെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല.

വെടിവയ്പ്പിന് ഉത്തരവിടാനും ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലിലടക്കാനുമൊക്കെ കളക്ടറുടെ അനുമതി കമ്മീഷണറേറ്റ് നിലവില്‍ വന്നാല്‍ പൊലീസിന് ആവശ്യമില്ല.

റേഞ്ചുകളിലും സോണലുകളിലും പഴയ രൂപത്തില്‍ നിയമനം നടത്താനുള്ള ശുപാര്‍ശയും സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് നടപ്പായാല്‍ റേഞ്ചുകളില്‍ ഡി.ഐ.ജിമാരും സോണലുകളില്‍ ഐ.ജിമാരും വരും. ഇവരുടെയെല്ലാം റിപ്പോര്‍ട്ടിങ് ഉദ്യോഗസ്ഥനായി ഒരു എ.ഡി.ജി.പി മാത്രമാണ് ഉണ്ടാവുക.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളെ ചേര്‍ത്ത് പ്രത്യേക റേഞ്ച് രൂപീകരിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചകൊടി കാണിച്ചാല്‍ ഏപ്രിലില്‍ ഉത്തരവിറങ്ങും.

റിപ്പോര്‍ട്ട്: എം വിനോദ്

Top