സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും

JAYARAJAN

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയേക്കും. ബന്ധു നിയമന കേസില്‍ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും സി.പി.എം കേന്ദ്ര കമ്മറ്റി ശാസിച്ച നടപടി നിലനില്‍ക്കുന്നതാണ് ജയരാജന് ഇപ്പോള്‍ തിരച്ചുവരാനുള്ള പ്രധാന തടസ്സം.

ഒരു ഉന്നത നേതാവ് പുലര്‍ത്തേണ്ട ജാഗ്രത ബന്ധുനിയമന സംഭവത്തില്‍ ജയരാജന്‍ കാണിച്ചിട്ടില്ലന്നതാണ് സി.പി.എം കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തല്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസ്സിലും ഇക്കാര്യം പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി വരികയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും.

ജയരാജന് പറ്റിയ അബദ്ധം ഉള്‍ക്കൊണ്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായി സമ്മേളനങ്ങളില്‍ വിലയിരുത്തല്‍ ഉണ്ടായാല്‍ അത് ജയരാജനെ സംബന്ധിച്ച് അനുകൂല ഘടകമാവും.സീനിയര്‍ നേതാവായ ജയരാജനെ ഒരു എം.എല്‍.എ ആയി മാത്രം നിലനിര്‍ത്തുന്നതിനോട് നേതൃതലത്തിലും നിലവില്‍ രണ്ടഭിപ്രായമുണ്ട്.

വി.എസിന് എം.എല്‍.എ ആയി തുടരാമെങ്കില്‍ ജയരാജനും ആവാമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.എന്നാല്‍ മറുവിഭാഗം ജയരാജനെ ഇനിയും ശിക്ഷിക്കരുതെന്ന നിലപാടിലാണ്. തെറ്റ് ഉള്‍ക്കൊള്ളുന്ന കമ്യൂണിസ്റ്റുകാരോട് പൊറുത്ത് വീണ്ടും ഉന്നത സ്ഥാനത്ത് അവരോധിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടാനായിരിക്കും ഒരു പക്ഷേ സി.പി.എം നേതൃത്വം തീരുമാനമെടുക്കുക.നിലവില്‍ സി.പി.എം ക്വാട്ടയില്‍ മന്ത്രിമാരുടെ ഒഴിവുകളില്ല. ജയരാജന്റെ ഒഴിവില്‍ എം.എം മണിയെ മന്ത്രിയാക്കിയതിനാല്‍ ഇനി വകുപ്പുകള്‍ അടര്‍ത്തിമാറ്റി പുതിയ മന്ത്രി സ്ഥാനം സൃഷ്ടിക്കേണ്ടി വരും.

മറ്റൊരു സാധ്യത എന്‍.സി.പിയുടെ ഒഴിവുള്ള മന്ത്രി സ്ഥാനം സി.പി.എം ഏറ്റെടുത്ത് അവിടെ ജയരാജനെ മന്ത്രിയാക്കുക എന്നതാണ്. നിലവില്‍ എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാര്‍ക്കും കയ്യിലിരിപ്പുകൊണ്ട് മന്ത്രി സ്ഥാനം നഷ്ടമായതിനാല്‍ മുഖ്യമന്ത്രി ഇങ്ങനെ ഒരു തീരുമാനമെടുത്താല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇടത് സ്വതന്ത്ര എം.എല്‍.എമാരേയോ അതല്ലങ്കില്‍ കെ.ബി. ഗണേഷ്‌കുമാറിനെയോ കൂടെ കൂട്ടി മന്ത്രിയാക്കി ‘പ്രതിസന്ധി’ ഒഴിവാക്കാന്‍ പറ്റുമോയെന്നാണ് ഇപ്പോള്‍ എന്‍.സി.പി ദേശീയ നേതൃത്വം ശ്രമിക്കുന്നത്.കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നീക്കമാണിത്.അതിനാല്‍ സി.പി.എമ്മും സി.പി.ഐയും ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടറിയണം.

Top