തിരക്ക് ; യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍

ദുബായ്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍.

ഈ സമയങ്ങളില്‍ ഏകദേശം 4,20,000 പേര്‍ ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുമെന്നാണ് ബുക്കിങ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നും, വിമാനത്താവളത്തിന് ചുറ്റും റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും എമിറേറ്റ്‌സ് നിര്‍ദേശിച്ചു.

ആറ് മണിക്കൂര്‍ മുന്‍പുതന്നെ ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കും. യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ചെക്ക് ഇന്‍ പൂര്‍ത്തിയാകാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

48 മണിക്കൂര്‍ മുന്‍പ് തൊട്ട് 90 മിനിറ്റ് മുന്‍പ് വരെ ഓണ്‍ലൈനായും യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാമെന്നും, ബാഗേജിന് പുറമേ കൈയില്‍ കരുതുന്ന ബാഗും നിര്‍ദിഷ്ട ഭാരത്തില്‍ കൂടരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു.

Top